goongang

ആലപ്പുഴ: റിസോർട്ടിൽ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ. ആലപ്പുഴ കാട്ടൂരിലാണ് വിവിധ കേസുകളിൽ പ്രതികളായ 25ഓളം പേർ ആഘോഷത്തിൽ പങ്കെടുത്തത്. കാപ്പാ കേസിൽ നാടുകടത്തപ്പെട്ടവരും ലഹരിക്കടത്ത് കേസിലെ പ്രതികളും ഉൾപ്പെടെ സംഘത്തിലുണ്ട്. ഇവർ ആഘോഷത്തിൽ പങ്കെടുത്ത വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞത് ചിത്രങ്ങളും വീഡിയോയും പുറത്തുവന്ന ശേഷം മാത്രമാണ്.


അടുത്ത സുഹൃത്തിന്റെ കുടുംബത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാനാണ് ഗുണ്ടാ സംഘം എത്തിയത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കൊട്ടേഷൻ, വധശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി വിവിധ കേസുകളിൽ പ്രിതികളായവരാണ് ഇവരെല്ലാം. രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ട്. ഒരു പക്ഷിയുടെ പേരിട്ട് പൊലീസ് വിളിക്കുന്ന കാപ്പാ കേസ് പ്രതിയും കായംകുളം ആശുപത്രി ആക്രമണം, വള്ളംകളിക്കാരെ ആക്രമിച്ചത്, വനകേരള ബസിന് നേരെ പ്രതിഷേധിച്ചവരെ ആക്രമിച്ചത് തുടങ്ങിയ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശിയും ഇക്കൂട്ടത്തിലുണ്ട്. ഇവർ ചേർത്തലക്കടുത്ത് മറ്റൊരു ആഘോഷത്തിലും പങ്കെടുത്തു.

ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗത്തിന് കണ്ടെത്താൻ സാധിക്കാത്തത് ഗുരുതര വീഴ്ചയാണ്. രണ്ടുപേർ ഒഴികെ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള ഗുണ്ടാ സംഘങ്ങൾ ആലപ്പുഴ ഹൗസ് ബോട്ടിൽ ഒത്തുചേർന്നിരുന്നു. ആഘോഷം കഴിഞ്ഞ് മടങ്ങാൻ നേരം ഇവർ തമ്മിൽ തർക്കമുണ്ടായപ്പോഴാണ് പൊലീസ് വിവരമറിയുന്നത്.