
ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. തൃശൂരിൽ സുരേഷ് ഗോപിക്ക് കളമൊരുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തി ഉഴുതുമറിച്ച മണ്ണിൽ നിന്ന് ആ മേളം തുടങ്ങുന്നു. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മുന്നണികളുടെ സ്ഥാനാർത്ഥി സാദ്ധ്യതകൾ തേടി ഒരു യാത്ര വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.
ലീഡർ കെ. കരുണാകരന്റെ തട്ടകമായിരുന്നപ്പോഴേ തൃശൂരിന് ഈ പ്രാധാന്യമുണ്ട്. അന്ന് രാമനിലയത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്. അവിടമായിരുന്നു, രാഷ്ട്രീയ തന്ത്രങ്ങളുടെ നിലയം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവമുയരാൻ തുടങ്ങുംമുമ്പേ തൃശൂരിലെ പൂരപ്പറമ്പിൽ നിന്നാണ് കൊട്ടും മേളവും ആദ്യമുയർന്നത്.
ബി.ജെ.പി കേരളത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയതോടെ അത് വ്യക്തമായിരുന്നു. മോദി ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുക കൂടി ചെയ്തതോടെ തൃശൂരിന് ബി.ജെ.പി നൽകുന്ന പ്രാധാന്യം പ്രകടമായിരിക്കുകയാണ്.
രാജ്യത്തെ പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുചർച്ച തുടങ്ങും മുമ്പാണ് തേക്കിൻകാട് മൈതാനത്ത് വിവാദങ്ങളും വാഗ്വാദങ്ങളും വെല്ലുവിളികളും എഴുന്നള്ളുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, കരുവന്നൂർ പദയാത്രകളോടെ സുരേഷ് ഗോപിയും ടി.എൻ. പ്രതാപനും മാസങ്ങൾക്കു മുൻപേ സജീവമായിരുന്നു. ഇടതുമുന്നണി ആദ്യഘട്ടത്തിൽ രംഗത്തെത്തിയില്ലെങ്കിലും സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിനെ മുൻനിറുത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ അണികൾ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ അനൗദ്യോഗിക പ്രചാരണത്തിന് തിരികൊളുത്തിക്കഴിഞ്ഞു, മൂന്ന് മുന്നണികളും.
ത്രികോണ മേളം മുറുകും
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിനു പിന്നാലെ തൃശൂരിൽ സുരേഷ് ഗോപിയുടെ ,സജീവ സാന്നിദ്ധ്യമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പൊതുയോഗങ്ങളിലും നിറസാന്നിദ്ധ്യം. പാർട്ടി ഭാരവാഹിത്വങ്ങൾ ഇല്ലാതിരുന്നിട്ടും മോദിയുടെ റോഡ് ഷോ വാഹനത്തിൽ സ്ഥാനം ലഭിച്ചതോടെ സുരേഷ് ഗോപിക്ക് സീറ്റ് ഉറച്ചു. സിറ്റിംഗ് എം.പി ടി.എൻ. പ്രതാപൻ, അഞ്ചുവർഷത്തെ വികസനം അടിവരയിട്ടു പറഞ്ഞ് മണ്ഡലത്തിൽ ഓടിനടന്ന് വോട്ടർമാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എന്നാൽ പ്രതാപന്റെ നോട്ടം, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണെന്നും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പറഞ്ഞുകേൾക്കുന്ന സി.പി.ഐയിലെ വി.എസ്. സുനിൽകുമാറിന്റെ സജീവസാന്നിദ്ധ്യവും മണ്ഡലത്തിലുണ്ട്. മുൻമന്ത്രി കെ.പി. രാജേന്ദ്രന്റെ പേര് നേരത്തെ തൃശൂരിൽ ഉയർന്നിരുന്നെങ്കിലും, കൃഷിമന്ത്രിയായിരിക്കെയുള്ള മികച്ച പ്രകടനവും ചെറുപ്പക്കാരോടും പിന്നാക്ക, തൊഴിലാളി വിഭാഗങ്ങളോടും പുലർത്തിരുന്ന വൈകാരിക അടുപ്പവും സുനിൽകുമാറിനെ തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
മൂന്നു മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുംമുൻപു തന്നെ ഇവരുടെ സൈബർ യോദ്ധാക്കൾ സ്ഥാനാർത്ഥികളെ സ്വയം പ്രഖ്യാപിച്ച് അങ്കം മുറുക്കിക്കഴിഞ്ഞു. ടി.എൻ. പ്രതാപനും വി.എസ്. സുനിൽകുമാറും സുരേഷ് ഗോപിയുമാണ് സെെബറിടത്തിൽ മുന്നണി സ്ഥാനാർത്ഥികൾ. കഴിഞ്ഞ തവണ തൃശൂരിൽ നിന്ന് മോദി മടങ്ങിയതിനു പിന്നാലെ, അദ്ദേഹം പ്രസംഗിച്ച വേദിയിൽ യൂത്ത് കോൺഗ്രസുകാർ ചാണകവെള്ളം തളിക്കാനെത്തിയത് രാഷ്ട്രീയ വിവാദങ്ങൾക്കും സംഘർഷത്തിനും വഴിവച്ചിരുന്നു. വടക്കുന്നാഥ മൈതാനത്തെ ആലിന്റെ ചില്ല മുറിച്ചതും വിവാദമായി. ഇതിനിടെ, തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ടി.എൻ. പ്രതാപൻ പ്രസ്താവിച്ചതോടെ അതിൽപ്പിടിച്ചും ചർച്ച കൊഴുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. അന്നും കോൺഗ്രസ് പറഞ്ഞിരുന്നത് എൽ.ഡി.എഫുമായാണ് പ്രധാന മത്സരമെന്നായിരുന്നു.
വികസനം, പൂരം വിഷയങ്ങളേറെ
പ്രധാനമന്ത്രി പങ്കെടുത്ത റോഡ് ഷോയും 'മോദി ഗ്യാരന്റി' ഉറപ്പാക്കിയുളള പ്രസംഗവുമെല്ലാം വിളിച്ചുപറഞ്ഞത് വികസന രാഷ്ട്രീയമായിരുന്നു. തൃശൂരിൽ പിറന്ന മോദി ഗ്യാരന്റി മുദ്രാവാക്യമാണ് ബി.ജെ.പി ഏറ്റുപിടിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുളള പദ്ധതികൾ അക്കമിട്ടു നിരത്തി, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരികൊളുത്തുകയായിരുന്നു മോദി. 2014 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിയ സ്ത്രീസൗഹൃദ പദ്ധതികൾ, മോദി ഗ്യാരന്റിയാണെന്ന് മലയാളത്തിൽ ആവർത്തിച്ച് സ്ത്രീവോട്ടുകൾ ലക്ഷ്യമിടുകയായിരുന്നു മോദി. പദ്ധതികളുടെ പേര് പറയുമ്പോൾ മോദിയുടെ ഗ്യാരന്റി എന്ന് സ്ത്രീകളും ഏറ്റുപറഞ്ഞു. തൃശൂർ പൂരത്തിന്റെയും ശബരിമലയുടെയും വിഷയവും മോദി ചർച്ചയാക്കി. പൂരത്തിൽ രാഷ്ടീയക്കളിയുണ്ടായത് ദൗർഭാഗ്യകരമാണെന്നു പരാമർശിച്ചത് പൂരപ്രേമികളെയും വിശ്വാസികളെയും കൈയിലെടുക്കാനായിരുന്നു. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നതിനാലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളടക്കം ബി.ജെ.പി ഭരിക്കുന്നതെന്ന് കൂട്ടിച്ചേർത്തത് തൃശൂരിലെ ക്രൈസ്തവ സമൂഹത്തെ ചേർത്തുനിറുത്താനായിരുന്നു.
ന്യൂനപക്ഷത്തിൽ കണ്ണുംനട്ട്
ന്യൂനപക്ഷ വോട്ടുകൾ എങ്ങനെ തിരിയുമെന്നാണ് മൂന്നു മുന്നണികളും ഉറ്റുനോക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പിൽ ചോർന്നുപോയ മതന്യൂനപക്ഷ പിന്തുണ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ മോഹം തകിടംമറിയുമെന്ന് എൻ.ഡി.എയും. മതന്യൂനപക്ഷ പിന്തുണ കുറയില്ലെന്നും നിലവിലുള്ള വോട്ടിൽ ചോർച്ചയുമുണ്ടാകില്ലെന്നുമുളള വിശ്വാസത്തിലാണ് ഇടതു നേതൃത്വം. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ ബി.ജെ.പി കൂടുതൽ വോട്ടു നേടിയതും ശ്രദ്ധേയമാണ്. താഴേത്തട്ടിലടക്കം ചിട്ടയായ സംഘടനാപ്രവർത്തനവും പ്രചാരണത്തിൽ പെട്ടെന്ന് ഉണ്ടാക്കുന്ന മികവുമാണ് ഇടതു മുന്നണിയെ തുണയ്ക്കുന്നത്. അതേസമയം വിശ്വാസത്തിലും ആചാരത്തിലും പിടിച്ചുള്ള പ്രചാരണത്തെക്കുറിച്ച് അവർ ആശങ്കപ്പെടുകയും ചെയ്യുന്നു.
ചരിത്രം ആരെ തുണയ്ക്കും?
പതിനേഴ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഏഴു തവണ മാത്രമാണ് കോൺഗ്രസുകാർക്ക് ലോക്‌സഭയിലെത്താനായത്. പത്തു തവണ വിജയിച്ചത് സി.പി.ഐ. 1996- ലാണ് സി.പി.ഐയിലെ വി.വി. രാഘവൻ കെ. കരുണാകരനെ പരാജയപ്പെടുത്തിയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മകൻ കെ. മുരളീധരനെയും വി.വി.രാഘവൻ തോൽപ്പിച്ചു. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സ്വാധീനവും നാട്ടിക, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ മുസ്ലിം സ്വാധീനവും പരന്നുകിടക്കുന്ന പിന്നാക്ക സമുദായങ്ങളും ഹൈന്ദവ സ്വാധീനവുമാണ് തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നത്.
236 പദ്ധതികൾക്ക് അനുമതി
അഞ്ചു വർഷത്തിനിടെ എം.പി ഫണ്ടിൽ നിന്ന് 19.13 കോടിയുടെ 236 പദ്ധതികൾക്ക് അനുമതി നൽകി. ഇതുവരെ എട്ടു കോടിയുടെ പദ്ധതികൾ പൂർത്തിയായി. ഭരണാനുമതി കിട്ടിയ 11.13 കോടിയുടെ പദ്ധതികൾകൂടി തീരാനുണ്ട്. കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖല, അങ്കണവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, ഊർജ്ജം, പട്ടികജാതി, വർഗ വികസന പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് കൂടുതൽ പണം ചെലവഴിച്ചത്.
- ടി.എൻ. പ്രതാപൻ എം.പി.
പ്രതാപൻ പൂർണ പരാജയം
എം.പിയെന്ന നിലയിൽ ടി.എൻ.പ്രതാപൻ വലിയ പരാജയമായിരുന്നു. എൻ.എച്ച് ഫ്ളെെഓവറുകളുടെ പേരിലുള്ള അദ്ദേഹത്തിന്റെ അവകാശവാദം തെറ്റാണ്. അതെല്ലാം സി.എൻ.ജയദേവൻ എം.പിയായിരുന്ന കാലത്തെ പദ്ധതികളാണ്. പാലിയേക്കര ടോൾ പ്ളാസ വരുന്നത് യു.ഡി.എഫ് ഭരണകാലത്താണ്. അതിനെതിരെ പ്രതിഷേധിച്ച്, തിരഞ്ഞെടുപ്പു കാലത്ത് സമരനാടകം നടത്തുകയാണ് എം.പി ചെയ്തത്. കേന്ദ്ര വിഹിതം എല്ലാ എം.പിമാർക്കും കിട്ടും. അത് സാധാരണഗതിയിൽ ഉണ്ടാകുന്നതാണ്.
-കെ.കെ. വത്സരാജ്, ജില്ലാ സെക്രട്ടറി, സി.പി.ഐ.
സ്വന്തമെന്നത് അവകാശവാദം
കേന്ദ്ര പദ്ധതികൾ സ്വന്തം കഴിവുകൊണ്ട് നടപ്പാക്കിയതാണെന്നു പറഞ്ഞ് എം.പി ജനങ്ങളെ പറ്റിക്കുകയാണ്. എടുത്തുപറയാവുന്ന ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. സുരേഷ് ഗോപിയാണ് ശക്തൻ മത്സ്യ മാർക്കറ്റിന്റെ വികസനത്തിന് മുൻകെെയെടുത്തത്. തൃശൂരിന്റെ വികസനത്തിന് എം.പി ഒന്നും ചെയ്തിട്ടില്ലെന്ന് മേയർ പരസ്യമായി പറഞ്ഞു. തീർത്ഥാടന ടൂറിസം അടക്കം നിരവധി പദ്ധതികൾ കൊണ്ടുവരാമായിരുന്നിട്ടും അതിന് ശ്രമങ്ങളുണ്ടായില്ല.
- അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന വെെസ് പ്രസി., ബി.ജെ.പി.
2019-ലെ വോട്ട്
ടി.എൻ.പ്രതാപൻ: യു.ഡി.എഫ് (കോൺഗ്രസ്) വോട്ട്: 4,15,089, ശതമാനം: 39.84
രാജാജി മാത്യു തോമസ്: എൽ.ഡി.എഫ് (സി.പി. ഐ) വോട്ട്: 3,21,456, ശതമാനം: 30.85
സുരേഷ് ഗോപി: എൻ.ഡി.എ (ബി.ജെ.പി) വോട്ട്: 2,93,822, ശതമാനം: 28.2