kerala-

കൊച്ചി: ഓൺലൈൻ തട്ടിപ്പുകളിലൂടെ കൈക്കലാക്കുന്ന പണം തട്ടിപ്പ് സംഘങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഡോളറാക്കി മാറ്റി നൽകുന്ന 'ട്രേഡർമാർ" സജീവം. സംഘത്തെ നയിക്കുന്നയാൾ വടക്കൻ കേരളത്തിലെ മലയാളി. ഒറ്റയിടപാടിൽ ഇടനിലക്കാരന്റെ ലാഭം ലക്ഷങ്ങൾ. കൊച്ചിയിൽ ഡോക്ടറുടെ പക്കൽനിന്ന് 41.61 ലക്ഷം രൂപ തട്ടിയ കേസിലെ അന്വേഷണത്തിലാണ് ഹവാല ഇടപാടിന് സമാനമായ പണക്കൈമാറ്റം കണ്ടെത്തിയത്.

പരാതിപ്പെട്ടാൽ പണം കൈപ്പറ്റിയ അക്കൗണ്ട് ഫ്രീസാകുമെന്നതിനാൽ തുക എത്രയും വേഗം മാറ്റിയെടുക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഉത്തരേന്ത്യൻ സംഘങ്ങളുടെ അതേ മാതൃകയാണിത്.

 പണം കൈമാറ്റ ഘട്ടങ്ങൾ

1. സാമൂഹിക മാദ്ധ്യമമായ ടെലിഗ്രാമിൽ ഡോളർ കൈമാറ്റം ചെയ്യാനുണ്ടെന്ന് പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നത്.

2. ഇതുകണ്ട് സമീപിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്ക്, മാറ്റിയെടുക്കേണ്ട ഇന്ത്യൻ രൂപയ്ക്ക് ആനുപാതികമായി ഡോളർ, പറയുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് രണ്ടാം ഘട്ടം.

3. ക്രിപ്‌റ്റോ കറൻസിയും ബിറ്റ്കോയിനുമായും ഇന്ത്യൻ രൂപ മാറ്റിയെടുക്കാറുണ്ടെങ്കിലും ഡോളറിലാണ് അധിക ഇടപാടും. ട്രേഡറുടെ വിദേശ ബാങ്ക് അക്കൗണ്ടിലെത്തുന്ന രൂപ, ഡാർക്ക് വെബ്ബ് മുഖേനെ സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്ക് അഞ്ചും പത്തും ലക്ഷമായി കൈമാറുന്നതാണ് മൂന്നാം ഘട്ടം.

4. നല്ലൊരു തുക പാരിതോഷികം നൽകി പണം പിന്നീട് ബാങ്കിൽ നിന്ന് മാറ്റിയെടുപ്പിച്ച് സംഘത്തലവന് നേരിട്ട് എത്തിക്കുന്നതാണ് അവസാന ഘട്ടം. ഇയാളാണ് ട്രേഡറുടെ വിദേശബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോളർ നിക്ഷേപിക്കുന്നത്. ട്രേഡർമാരിൽ അധികവും യുവാക്കളാണ്.

 തട്ടിപ്പിന് വി.പി.എൻ വിളി
കൊച്ചിയിൽ ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് 41.61 ലക്ഷം രൂപ കൈക്കലാക്കാൻ തട്ടിപ്പ് സംഘം ഉപയോഗിച്ചത് വി.പി.എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ) ഫോൺ കോൾ. കൊറിയറിൽ എം.ഡി.എം.എ ലഭിച്ചെന്നും തങ്ങൾ മുംബയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും അറിയിച്ച് ഡോക്ടറെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുൾമുനയിൽ നിറുത്തിയാണ് (ഡിജിറ്റൽ തടവറ) സംഘം പണം തട്ടിയത്. ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് വി.പി.എൻ വഴിയെത്തിയതാണെന്ന് വ്യക്തമായത്.

 വി.പി.എൻ വെല്ലുവിളി

ഏതൊരാളുടെയും നമ്പർ കൈക്കലാക്കാം

യഥാർത്ഥ ഉടമയുടെ ഫോണിൽ കോൾ പോയതിന് തെളിവുണ്ടാകില്ല

ഇന്റർനെറ്റിൽ ട്രാക്ക് ചെയ്യാനാകില്ല

ഇന്റർനെറ്റിൽ ഹിസ്റ്ററിയും വീണ്ടെടുക്കാനാകില്ല