vegetables

കൊല്ലം: കർഷകരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ സർക്കാർ ബ്രാൻഡി​ൽ ഓൺലൈനായി വിറ്റഴിക്കാൻ കൃഷിവകുപ്പ് ആരംഭിച്ച കേരള ഗ്രോ (KERALA GRO) പദ്ധതിയുടെ രണ്ടാംഘട്ടം ബൃഹത്തായ നിലയിൽ ജില്ലയിൽ ഉടൻ നടപ്പാക്കും. കഴിഞ്ഞ വർഷമാണ് കേരളഗ്രോ ഓൺലൈൻ സൈറ്റ് ആരംഭിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലെ വിവിധ ഫാമുകളിലുള്ള 250ൽ അധികം ഉത്പന്നങ്ങളാണ് നിലവിൽ വിറ്റഴിക്കുന്നത്. രണ്ടാംഘട്ടമായി ഓരോകൃഷിഭവൻ തലത്തിലും കർഷകർ, കർഷകകൂട്ടായ്മകൾ, സംരംഭകർ, കൃഷിക്കൂട്ടങ്ങൾ എന്നിവർ കൃഷിവകുപ്പിന്റെ സഹായത്തോടെയോ സ്വന്തമായോ ഉത്പ്പാദിപ്പിക്കുന്ന രണ്ടായിരത്തോളം ഇനങ്ങൾ 'കേരള ഗ്രോ' എന്ന ബ്രാൻഡിൽ ഓൺലൈൻ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.

സൈറ്റിലൂടെ ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങൾ ആമസോണാണ് വീടുകളിൽ എത്തിക്കുന്നത്. ഓൺലൈൻ വ്യാപാരത്തിന് പുറമേ സഹകരണ ബാങ്കുകൾ, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഓരോ ജില്ലയിലും വില്പന കേന്ദ്രങ്ങളും ആരംഭിക്കും. കൊല്ലം ജില്ലയിൽ കോർപ്പറേഷൻ പരിധിയിൽ രണ്ട് ഔട്ട്‌ലെറ്റുകൾ തുറന്നേക്കും. നിരവധി സഹകരണ സ്ഥാപനങ്ങൾ ഇതിനകം സന്നദ്ധത അറിയിച്ചു. ഇവർ കണ്ടെത്തി നൽകുന്ന സ്ഥലങ്ങളിലാകും കേരളഗ്രോ ബ്രാൻഡഡ് സ്ഥാപനങ്ങൾ ആരംഭിക്കുക. അല്ലാത്തയിടങ്ങളിൽ കൃഷിവകുപ്പ് നേരിട്ട് സ്ഥലങ്ങൾ കണ്ടെത്തും.

കഴിഞ്ഞ വർഷം പകുതിയോടെ ആരംഭിച്ച കേരളഗ്രോയുടെ ആദ്യഘട്ടത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചക്ക ഉത്പന്നങ്ങൾ, കാപ്പി, മഷ്‌റൂം, വെളിച്ചെണ്ണ, കുരുമുളക് പൊടി, അച്ചാറുകൾ, ഭൗമസൂചിക പദവി നേടിയ തഴവയിലെ തഴപ്പായ, എള്ള് എന്നിവയുൾപ്പെടെ രണ്ടാംഘട്ടത്തിൽ വിപണിയിലുണ്ടാകും.


രജിസ്റ്റർ നടപടികൾ

* ആവശ്യകത അനുസരിച്ച് ഉത്പന്നങ്ങൾ ലഭ്യമാക്കണം

* ഗുണമേന്മ, കാലാവധി, പോഷക ഘടകങ്ങൾ തുടങ്ങിയവയുടെ ആധികാരികത ഉറപ്പാക്കണം.


* ഉത്പന്നങ്ങൾ ലാബിൽ പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ്

* ജി.എസ് ടി, ഫുഡ്‌സേഫ്ടി സർട്ടിഫിക്കറ്റ്


മുടക്കുന്ന പണം തിരികെ

കേരളഗ്രോ പദ്ധതിയിൽ ഉത്പന്നങ്ങൾ വിൽക്കാൻ വേണ്ടി വരുന്ന പരിശോധനകൾക്കും സർട്ടിഫിക്കറ്റുകൾക്കുമുള്ള തുക കേരളഗ്രോയുടെ പേരിൽ കൃഷിവകുപ്പ് കർഷകന് നൽകും. വില്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായും കർഷകന് ലഭിക്കും.

കൃഷി ഓഫീസ് മുഖേന

കേരളഗ്രോയിൽ അംഗമാകാൻ അടുത്തുള്ള കൃഷിവകുപ്പ് ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ കേരളഗ്രോ ജില്ലാതല കമ്മിറ്റി മുഖേന തിരുവനന്തപുരത്തുള്ള പ്രധാന ഓഫീസിലെത്തും. ഇവിടെയാണ് അന്തിമ തീരുമാനം ഉണ്ടാവുക.