vande-bharat

ന്യൂഡൽഹി: രാജ്യത്ത് നാല് വർഷം മുമ്പാണ് വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. മറ്റുള്ള ട്രെയിനുകളെ അപേക്ഷിച്ച് വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താമെന്നതടക്കമുള്ള നിരവധി പ്രത്യേകതകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ ട്രെയിനിനെ ജനകീയമാക്കിയത്.

വന്ദേഭാരതിൽ നിന്നുള്ള യാത്രക്കാരുടെ വഴക്കാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത്. പെട്ടികൾ വയ്ക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതിന്റെ വീഡിയോ ഗാർ കെ കലേഷ് എന്നയാൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.


പെട്ടികൾ വയ്ക്കാനുള്ള സ്ഥലത്തെ ചൊല്ലി രണ്ട് പുരുഷന്മാർ തമ്മിൽ വഴക്കിടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. മറ്റുള്ള യാത്രക്കാർ ഇരുവരെയും നിശബ്ദമായി ഇരിക്കുകയാണ്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് പുരുഷന്മാരിലൊരാളെ പിന്തുണയ്ക്കുന്നു. മിനിട്ടുകൾക്കുള്ളിൽ റെയിൽവേ പൊലീസ് അവിടെ എത്തുന്നു. തുടർന്ന് പൊലീസും യാത്രക്കാരും ചേർന്ന് വഴക്കിടുന്നവരെ ശാന്തരാക്കാൻ നോക്കുകയാണ്.

ഈ സംഭവം എവിടെവച്ചാണ് നടക്കുന്നതെന്ന് വ്യക്തമല്ല. ഒരു ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായിട്ടാണ് വന്ദേഭാരത് കൊണ്ടുവന്നത്. 110 കോടിയോളം രൂപയാണ് ഒരു ട്രെയിനിന്റെ നിർമാണ ചെലവ്.

Kalesh b/w Two Uncle inside Vande bharat train over Bag Spot pic.twitter.com/YD4uJSxQfh

— Ghar Ke Kalesh (@gharkekalesh) January 16, 2024