arun-yogiraj

മെെസൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുൺ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ അരുൺ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാൽ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. നിലവിൽ അരുൺ അയോദ്ധ്യയിലാണ്. അരുൺ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു.

അതേസമയം, ഇന്നലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം എത്തിച്ചു. ആഘോഷമായാണ് ക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചത്. വിഗ്രഹം ക്രെയിൻ ഉപയോഗിച്ചാണ് ശ്രീകോവിലിൽ ഇറക്കിയത്. അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമാണ് രാം ലല്ല. വിഗ്രഹം ഒരു കുട്ടിയുടെ ദെെവിക സ്വഭാവം ഉൾക്കൊള്ളുകയും ദെെവത്തിന്റെ അവതാരത്തെ പ്രതിനിധീകരിക്കുകയും ചെയ്യുമെന്ന് അരുൺ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കരിങ്കല്ലിൽ കൊത്തിയെടുത്ത 150 - 200 കിലോ ഭാരമുള്ള വിഗ്രഹമാണ് ഇന്നലെ വെെകിട്ട് എത്തിച്ചത്. ഇന്ന് വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. റോസാപ്പൂക്കളും ജമന്തിപ്പുക്കളും താമര മാലയും കൊണ്ട് അലങ്കരിച്ച രാം ലല്ലയുടെ വെള്ളി വിഗ്രഹമാണ് ഇന്നലെ ഘോഷയാത്രയ്ക്ക് എത്തിച്ചത്.

ram