d

വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസിന് ഇന്ത്യ സമ്മാനിച്ച അപൂർവ പ്രതിഭയാണ് ആർ. പ്രഗ്നാനന്ദയെന്ന പതിനെട്ടുകാരൻ. ചെറു പ്രായത്തിൽ തന്നെ ലോക വേദികളിൽ കരുത്തറിയിച്ച പ്രഗ്നാനന്ദ കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ നടന്ന ​ ​ടാ​റ്റ​ ​സ്റ്റീ​ൽ​ ​മാ​സ്‌​റ്റേ​ഴ്‌​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​നി​ല​വി​ലെ​ ലോ​ക​ ​ചാ​മ്പ്യ​നാ​യ​ ​ചൈ​ന​യു​ടെ​ ​ഡിം​ഗ് ​ലി​റെ​നെ​ ​തോ​ൽ​പ്പി​ച്ചാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ​ഈ കിരീടനേട്ടത്തോടെ ​ ഫി​ഡേ​ ​റേ​റ്റിം​ഗിൽ വി​ശ്വ​നാ​ഥ​ൻ​ ​ആ​ന​ന്ദി​നെ​ ​മ​റി​ക​ട​ന്ന് ​ഇ​ന്ത്യ​യി​ലെ​ ​ചെ​സ് ​റാ​ങ്കിം​ഗി​ൽ​ ​ഒ​ന്നാ​മ​തെ​ത്താ​നും​ ​പ്രഗ്നാനന്ദയ്ക്കാ​യി. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​നാ​ലാം​ ​റൗ​ണ്ടി​ൽ​ ​പ്ര​ഗ്നാ​‌​ന​ന്ദ​ ​ലി​റെ​നെ​ ​തോ​ൽ​പ്പി​ച്ചി​രു​ന്നു.​ ഈ വർഷത്തെ ആദ്യ ടൂർണമെന്റിൽത്തന്നെ വെന്നിക്കൊടി പാറിച്ച പ്രഗ്നാനന്ദ പ്രതീക്ഷകളുടെ പുതുവർഷമാണ് സമ്മാനിക്കുന്നത്.

ഇക്കൊല്ലത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ തന്റെ സിംഹാസനം കാത്തുസൂക്ഷിക്കാൻ ഡിംഗ് ലിറെൻ ഇറങ്ങുന്നുണ്ട്. ആ പോരാട്ടത്തിൽ ആരാണ് ലിറെന്റെ എതിരാളിയാവുക എന്നു കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് വരുന്ന ഏപ്രിലിൽ കാനഡയിൽ നടക്കുകയാണ്. കാൻഡിഡേറ്റ്സിൽ മത്സരിക്കുന്ന എട്ടുപേരിൽ ഒരാൾ പ്രഗ്നാനന്ദയാണ്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിലെ റണ്ണർ അപ്പ് എന്ന നിലയിലാണ് പ്രഗ്നാനന്ദയ്ക്ക് കാൻഡിഡേറ്റ്സിലേക്ക് അവസരം ലഭിച്ചത്. അഞ്ചുതവണ ലോക ചാമ്പ്യൻഷിപ്പ് നേടുകയും പിന്നീട് അതിൽ മടുത്ത് ഇനി ലോക ചാമ്പ്യൻ പട്ടത്തിനു വേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഇതിഹാസതാരം മാഗ്നസ് കാൾസനോടാണ് പ്രഗ്നാനന്ദ ലോകകപ്പ് ഫൈനലിൽ തോറ്റിരുന്നത്. ഓൺലൈൻ ടൂർണമെന്റുകളിൽ കാൾസനെയും കീഴടക്കിയിട്ടുള്ള പ്രഗ്നാനന്ദ, ആനന്ദിനു ശേഷം ലോക ചാമ്പ്യനാകുന്ന ഇന്ത്യക്കാരൻ എന്ന ലക്ഷ്യത്തിലേക്കാണ് ചുവടുകൾ വയ്ക്കുന്നത്.

ചെന്നൈയിലെ ഒരു സാധാരണ ബാങ്കുദ്യോഗസ്ഥന്റെ മകനായ പ്രഗ്നാനന്ദയുടെ, ലോകത്തിന്റെ നെറുകയിലേക്കുള്ള കുതിപ്പിലെ പ്രധാന നാഴികക്കല്ലാണ് ഡിംഗ് ലിറെനെതിരായ വിജയം. പത്താംവയസിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷണൽ മാസ്റ്ററായും പന്ത്രണ്ടാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായും ചരിത്രം കുറിച്ച പ്രഗ്നാനന്ദ തനിക്കു കീഴടക്കാനുള്ള കൊടുമുടികൾ ഓരോന്നായി താണ്ടുകയാണ്. വി​ശ്വ​നാ​ഥ​ൻ​ ​ആ​ന​ന്ദി​നു ​ശേ​ഷം​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ക​ളി​ച്ച ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​ ​പ്ര​ഗ്നാ​ന​ന്ദ.​ ​

ലാളിത്യമാണ് പ്രഗ്നാനന്ദയുടെ മുഖമുദ്ര. പോളിയോ ബാധിച്ച പിതാവ് രമേഷ് ബാബുവിന് മകനൊപ്പം മത്സരങ്ങൾക്കായി യാത്രചെയ്യാനാകാത്തതിനാൽ വീട്ടമ്മയായ നാഗലക്ഷ്മിയാണ് എപ്പോഴും ഒപ്പമുണ്ടാവുക. ലോകവേദികളിൽ മകന്റെ വിജയങ്ങൾക്ക് പിന്തുണയുമായെത്തുന്ന സാരി ചുറ്റിയ സാധാരണക്കാരിയായ ആ അമ്മയുടെ സ്നേഹവും കരുതലുമാണ് പ്രഗ്നാനന്ദയുടെ അസാധാരണ വിജയങ്ങളുടെ അടിസ്ഥാനശില. അടുത്തിടെ വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയ സഹോദരി ആർ. വൈശാലിയും പ്രഗ്നാനന്ദയുടെ കരുനീക്കങ്ങൾക്ക് പിന്തുണയേകുന്നു.

പ്രഗ്നാനന്ദയുടെ കഴിവു കണ്ടറിഞ്ഞ് ആദ്യം പ്രോത്സാഹനവുമായി എത്തിയത് വിശ്വനാഥൻ ആനന്ദാണ്. തന്റെ നാട്ടിൽ നിന്നുള്ള പയ്യന്റെ പ്രതിഭയെ പിൻഗാമിയായി ലോകത്തിനു മുന്നിൽ ആനന്ദ് ഉയർത്തിക്കാട്ടിയതോടെ വലിയ സ്പോൺസർഷിപ്പും ചെറുപ്രായത്തിലേ തേടിയെത്തി. ആനന്ദിനെപ്പോലൊരു ഇതിഹാസ താരത്തിന്റെ പിന്തുണ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോക ചെസിൽ ഇന്ത്യൻ പതാക ഇനിയുമുയരത്തിൽ പാറിക്കാൻ പ്രഗ്നാനന്ദയ്ക്ക് കഴിയുമെന്നതിൽ സംശയമേതുമില്ല. ഒപ്പം മലയാളി ചെസ് പ്രതിഭകളായ എസ്.എൽ. നാരായണനും നിഹാൽ സരിനുമൊക്കെ ലോകവേദികളിൽ വെന്നിക്കൊടി പാറിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.