
ന്യൂഡൽഹി: പതിനാലുകാരിയെ ക്രൂരമായ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ പിടിയിൽ. നോർത്ത് ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. ഗാസിയാബാദ് ലോണി സ്വദേശിയായ അങ്കിത് യാദവാണ് (29) അറസ്റ്റിലായത്. കഴിഞ്ഞ ജൂലായ് 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.
താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അൻകിത് കഴിഞ്ഞ എട്ട് വർഷമായി പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം. ഇരയുടെ അമ്മയും പ്രതിയുമായുളള ബന്ധത്തിൽ ഒരു മകനുണ്ട്. ജൂലായ് 23ന് പെൺകുട്ടിയുടെ അമ്മ വീടിന് പുറത്തേക്ക് പോയ സമയത്താണ് പ്രതി പീഡനം നടത്തിയത്. അതിനുശേഷവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അങ്കിത് നിരന്തരമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
അടുത്തിടെ പെൺകുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളെ തുടർന്നാണ് അമ്മ വിവരം ചോദിച്ചറിഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. ഇതിനുപിന്നാലെയാണ് അൻകിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പീഡനം, നിരന്തരമായി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൂറത്തിലും അടുത്തിടെ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കാമുകിയുടെ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ 28കാരൻ അറസ്റ്റിലായിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതിയായ ഹിമാൻഷു വഗേല പീഡനം നടത്തിയിരുന്നത്.