expatriates-career-

ദുബായ്: യുഎഇയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ ഏതായിരിക്കും? ഐടി മേഖലയാണെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ, പ്രവാസലോകത്തേക്ക് പോകുന്ന ഓരോരുത്തരും പുതുതായി സംഭവിച്ച ഈ മാറ്റങ്ങൾ അറിയണം. യുഎഇയിൽ ഇന്ന് ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുൽ ഡിമാൻഡ് ഐടിക്കാർക്കോ എഞ്ചിനിയർമാർക്കോ അല്ല, മറിച്ച് റിയൽ എസ്‌റ്റേറ്റ് പ്രൊഫഷണലുകൾക്കാണ്.

കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിലെ പ്രോപ്പർട്ടി മാർക്കറ്റിന്റെ സുവർണകാലഘട്ടമാണ്. വലിയ വളർച്ചയാണ് ഈ സമയത്ത് പ്രൊപ്പർട്ടി മാർക്കറ്റിൽ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകൾക്ക് വരും കാലങ്ങളിലും യുഎഇ പോലുള്ള രാജ്യങ്ങളിൽ വലിയ സാദ്ധ്യതകളാണ് തുറന്നുവയ്ക്കുന്നത്. റിയൽ എസ്‌റ്റേറ്റ് എജന്റുമാർക്കിടെയിലെ സെയിൽസ് റോൾ, ബിൽഡിംഗ് ഡെവലപ്പേഴ്സിനിടെയിലെ സീനിയർ മാനേജ്‌മെന്റ് റോൾ എന്നിങ്ങനെയാണ് ഈ രംഗത്തെത്തുന്നവരുടെ തൊഴിൽ മേഖല.

പ്രോപ്പർട്ടി മാനേജ്‌മെന്റ് സേവനങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ളവർക്കാണ് ഈ മേഖലയിൽ ഡിമാൻഡുള്ളത്. എല്ലാ ആഴ്ചയും ലോക്കൽ പ്രൊപ്പർട്ടി മാർക്കറ്റിൽ വലിയ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടാതെ ശതകോടീശ്വരന്മാരടക്കം യുഎഇയിലേക്ക് ചേക്കേറുന്നത് രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മാർക്കറ്റിന് കരുത്തേകുന്നു. കൂടാതെ പുതിയ ബിൽഡിംഗ് ഡെവലപ്പേഴ്സും വിപണിയിലേക്ക് എത്തുന്നതോടെ വരും വർഷങ്ങളിലും റിയൽ എസ്‌റ്റേറ്റ് മാർക്കറ്റ് വളർച്ച രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകളെ കൂടാതെ, സാമ്പത്തിക ഉപദേഷ്ടാക്കളുടെ തസ്തികകളിലേക്കും സാദ്ധ്യതകൾ ഏറെയാണ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമുകളിൽ ഇത്തക്കാരെ തേടി നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മേഖലയിലുള്ളവരുടെ വേതനം, കമ്മിഷൻ, ഇൻസെന്റീവ് എന്നിവ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കടന്നെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 2024ൽ യുഎഇയിലുള്ള പ്രൊഫഷണലുകൾ വലിയൊരു കരിയർ ചേഞ്ച് നടത്താനുള്ള ശ്രമത്തിലാണെന്ന് ഇഎംഇഎ ഗ്രോത്ത് മാർക്കറ്റ്സ് ലീഡറും ലിങ്ക്ഡ്ഇൻ റീജിയൺ മേധാവി മേധാവിയുമായ അലി മതർ പറഞ്ഞു.