
ന്യൂഡൽഹി: വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിയുമായി പാകിസ്ഥാൻ. ഇറാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാല് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടെന്നാണ് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'ഇന്ന് രാവിലെ ഇറാനിലെ സിയസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾക്ക് നേരെ പാകിസ്ഥാൻ സൈനിക ആക്രമണങ്ങൾ നടത്തി.'- എന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
ഇറാനെ 'സഹോദര രാജ്യം' എന്നാണ് പ്രസ്താവനയിൽ വിശേഷിപ്പിക്കുന്നത്. എല്ലാ ഭീഷണികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള പാകിസ്ഥാന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് നടപടിയെന്നും പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാന്റെ സ്വന്തം സുരക്ഷയും ദേശീയ താൽപ്പര്യവും പിന്തുടരുക എന്നത് മാത്രമായിരുന്നു ഇന്നത്തെ സൈനിക നടപടിയുടെ ഏക ലക്ഷ്യം.അത് പരമപ്രധാനമാണ്. വിട്ടുവീഴ്ച ചെയ്യാനാകില്ല. ഇറാന്റെ പരമാധികാരത്തെ 'പൂർണ്ണമായി മാനിക്കുന്നു'- എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
🔊: PR NO. 1️⃣7️⃣/2️⃣0️⃣2️⃣4️⃣
— Spokesperson 🇵🇰 MoFA (@ForeignOfficePk) January 18, 2024
Operation Marg Bar Sarmachar
🔗⬇️ https://t.co/1n5BvtEZBZ pic.twitter.com/VVf5VwL00L
കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിനുപിന്നാലെ ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാൻ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാൻ അംബാസർ തിരികെ വരുന്നതും വിലക്കി. പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.
ഇസ്രയേൽ - ഗാസ സംഘർഷം തുടരുന്നതിനിടെ പാലസ്തീനികളെ അനുകൂലിച്ച് ഇറാൻ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്ഥാനിലും കടന്നാക്രമിച്ചത്. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണെന്ന് ഇറാൻ പറയുന്നു.