
ചെന്നൈ: ക്ഷേത്രത്തിൽ വിലക്കുളള ശ്ലോകം ആലപിച്ചതിന്റെ പേരിൽ പൂജയ്ക്കെത്തിയവർ തമ്മിൽ സംഘർഷം. തമിഴ്നാട് കാഞ്ചീപുരത്തുളള വരദരാജ പെരുമാൾ ക്ഷേത്രത്തിലാണ് ആരാധനാരീതിയെ തുടർന്ന് സംഘർഷമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വൈഷ്ണവ വിഭാഗത്തിലെ വടക്കലൈ തെങ്കലൈ വിഭാഗത്തിലുളള (തെക്ക് വിഭാഗത്തിലും വടക്ക് വിഭാഗത്തിലുമുളള) പൂജാരികൾ തമ്മിലാണ് കലഹമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നാലായിര ദിവ്യ പ്രബന്ധത്തിലെ ശ്ലോകങ്ങൾ ആലപിക്കുന്നതിനെ ചൊല്ലി ക്ഷേത്രത്തിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം മുൻപും നിലനിന്നിരുന്നു. പ്രബന്ധത്തിലെ ശ്ലോകങ്ങൾ ആലപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ ശ്ലോകം ആലപിക്കാൻ പാടില്ലെന്ന് തെങ്കലൈ വിഭാഗക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇത് വാക്കുതർക്കത്തിലേക്കും പിന്നാലെ സംഘർഷത്തിലേക്കും കടക്കുകയായിരുന്നു. ഇരുവിഭാഗത്തിന്റേയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ രൂക്ഷ വിമർശനമാണ് വിശ്വാസികളിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്.ക്ഷേത്രത്തിൽ കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലും സമാനപ്രശ്നങ്ങൾ നിലനിന്നിരുന്നു. വേദങ്ങളുടെ ഉച്ഛാരണത്തെ ചൊല്ലിയായിരുന്നു അന്നത്തെ തർക്കം.
അത്തിവരദർ ഉത്സവത്തിന്റെ പ്രാധാന്യം
രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ വദരരാജ പെരുമാൾ ക്ഷേത്രം. 40 വർഷത്തിലൊരിക്കൽ നടക്കുന്ന അത്തിവരദർ ഉത്സവമാണ് പ്രധാനം. ഒരു മനുഷ്യായുസിൽ ഒന്നോ രണ്ടോ തവണ മാത്രം പങ്കെടുക്കൽ സാദ്ധ്യമായ ആഘോഷത്തിന് പിന്നിൽ ചരിത്രവും ഐതിഹ്യവും ഇടകലർന്നു കിടക്കുന്നു. ക്ഷേത്രത്തിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അത്തിമരം കൊണ്ടു നിർമ്മിച്ച വരദവിഗ്രഹമായിരുന്നു ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ. ഉത്തരേന്ത്യൻ ഭരണാധികാരികളുടെ ആക്രമണം ഭയന്ന് വിഗ്രഹം ക്ഷേത്രത്തിന് മുന്നിലെ വലിയ കുളത്തിൽ താഴ്ത്തി. പിന്നീട് വിഗ്രഹം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 40 വർഷത്തോളം ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലായിരുന്നു.

തുടർന്നാണ് ഇപ്പോഴത്തെ കല്ലുകൊണ്ടുള്ള വിഷ്ണുവിഗ്രഹം നിർമ്മിച്ചത്. 1709ൽ ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ അപ്രതീക്ഷിതമായി അത്തിവരദർ വിഗ്രഹം കണ്ടെത്തി. തുടർന്നാണു 40 വർഷത്തിലൊരിക്കൽ വിഗ്രഹം ക്ഷേത്രക്കുളത്തിൽ നിന്നെടുത്ത് 48 ദിവസത്തെ ദർശനോത്സവം നടത്താൻ തീരുമാനിച്ചത്. ക്ഷേത്രക്കുളത്തിലെ മണ്ഡപത്തിനു കീഴിലെ ചതുപ്പിലാണു 12 അടി നീളമുള്ള വെള്ളിപേടകത്തിനുള്ളിലാക്കി 9 അടി നീളമുള്ള അത്തിവരദർ വിഗ്രഹം താഴ്ത്തുന്നത്. വിഗ്രഹം അവസാനമായി പുറത്തെടുത്ത് 2019 ജൂലായ് 23നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അന്നേദിവസം ക്ഷേത്രം സന്ദർശിച്ചിരുന്നു.