maharajas-college

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു - ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ.

ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്ഐആറിലുള്ളത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. എംജി സർവകലാശാല നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി നാസറും ചില എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇവിടെയെത്തിയാണ് നാസറിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചതെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. നാസറിന് വയറ്റിലും കൈകകാലുകൾക്കും കുത്തേറ്റു. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു.

അദ്ധ്യാപകന് നേരേ ഉണ്ടായത് ക്രൂരമർദ്ദനം

സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ചാണ് കോളേജിലെ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ കത്തിക്ക് സമാനമായ ആയുധംകാട്ടി കൊല്ലുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിക്കുകയും ചെയ്തു. അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്.അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

13ന് അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തിയിരുന്നു. സംഘത്തിലെ രണ്ട് വിദ്യാർത്ഥികളെ ഫ്രട്ടേണിറ്റി പ്രവർത്തകനും സഹപാഠിയുമായ ബിലാൻ ഷംസുദ്ദീൻ ട്രെയിനിൽവച്ച് മർദ്ദിച്ചശേഷം ആലുവയിൽ ഇറങ്ങിപോയത് സാക്ഷിയായ അദ്ധ്യാപിക ആഭ്യന്തര അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞിരുന്നു. ഇതിൽ ബിലാലിനെ കഴിഞ്ഞദിവസം പ്രൻസിപ്പൽ സസ്പൻഡ് ചെയ്തിരുന്നു.

ഇതിന്റെ കാരണക്കാരൻ നിസാമുദ്ദിനാണെന്നാണ് ബിലാലിന്റെയും ഫ്രട്ടേണിറ്റിയുടെയും ആരോപണം. ഇതിനിടെ ഇന്നലെ ഉച്ചയോടെ അറബിക് വിഭാഗത്തിലെത്തിയ റാഷിദ് നിസാമുദ്ദീനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകൻ താത്പര്യമില്ലെന്ന് മറുപടി നൽകി. ക്ഷുഭിതനായ റാഷിദ് കൈയിൽ കരുതിയിരുന്ന കത്തി അദ്ധ്യാപകന്റെ തോളിലേക്കുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കോളേജിന്റെ പിന്നിലെ പടിക്കെട്ട് കയറുന്നതിനിടെ പിന്തുടർന്ന് എത്തിയ റാഷിദ് മർദ്ദിച്ചു. പരിക്കേറ്റ അദ്ധ്യാപകൻ വിവരം സഹപ്രവർത്തകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സതേടി. പുറത്ത് നീരുവച്ച അവസ്ഥലയിലായിരുന്നു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ ആശുപത്രി വിട്ടു. എറണാകുളം സെൻട്രൽ പൊലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. മൂർച്ചയേറിയ ആയുധംകൊണ്ട് റാഷിദിന്റെ കൈ മുറിഞ്ഞിട്ടുണ്ട്. മർദ്ദനമേറ്റ അദ്ധ്യാപകൻ തല്ലിയെന്നും ഇസ്ലാമിസ്റ്റെന്നും വിളിച്ചെന്ന് ആരോപിച്ച് ഫ്രട്ടേണിറ്റി പ്രവ‌ർത്തകരായ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകി.

സസ്പൻഷനിലായ ബിലാൽ കഴിഞ്ഞദിവസം കാമ്പസിലെത്തിയത് എസ്.എഫ്.ഐ -ഫ്രട്ടേണിറ്റി സംഘർഷത്തിന് ഇടയാക്കിയിരുന്നു. അറബിക് വിഭാഗത്തിന്റെ മുന്നിൽ നടന്ന സംഘട്ടനത്തിന് ഇരുവിഭാഗം പ്രവ‌ർത്തകർക്ക് എതിരെ നടപടിയെടുക്കണമെന്ന് കോളേജിലെ സ്റ്റാഫ് കോ-ഓർഡിനേറ്റർ കൂടിയായ നിസാമുദ്ദീനടക്കമുള്ള അറബിക്കിലെ അദ്ധ്യാപകർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു.