
തിരുവനന്തപുരം: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദേക്കർ പറഞ്ഞു. 2024ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്രമെഴുതുമെന്നും അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ എല്ലാ വോട്ടർമാരെയും നേരിട്ട് കാണുമെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തിൽ ശക്തനായ കോൺഗ്രസ് എംപി ശശി തരൂർ മത്സരിക്കുന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. അങ്ങനെയെങ്കിൽ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ശക്തനായ നേതാവ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നായിരുന്നു അതിൽ ഒന്ന്. ഈ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ പ്രകാശ് ജാവദേക്കർ വ്യക്തത വരുത്തിയിരിക്കുന്നത്.
ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയം കാണുമെന്നാണ് പ്രകാശ് ജാവദേക്കർ വ്യക്തമാക്കുന്നു. 'ഇവിടെ എംഎൽഎമാർ ഇല്ലാഞ്ഞിട്ട് പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. സംസ്ഥാനത്ത് ബിജെപി പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ ബിജെപി സംസ്ഥാനത്ത് ലക്ഷ്യം കാണും'- പ്രകാശ് ജാവദേക്കർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമണൽ കമ്പനിയായ സിഎംആർഎല്ലും വീണാ വിജയന്റെ എക്സാലോജിക്കും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്. വീണ എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.