beauty

സ്ഥിരമായി സൗന്ദര്യ സംരക്ഷിക്കുക എന്നത് തിരക്കുപിടിച്ച ജീവിതത്തിൽ പലർക്കും സാധിക്കുന്ന കാര്യമല്ല. അതിനാൽ തന്നെ വിവാഹമോ മറ്റ് ഫംഗ്‌ഷനുകളോ വരുമ്പോൾ ഭൂരിഭാഗം പേരും ബ്യൂട്ടി പാർലറുകളെ ആശ്രയിക്കാറാണ് പതിവ്. ഇത് താൽക്കാലിക ഫലമാണ് നൽകുക എന്നത് മാത്രമല്ല, പിന്നീട് പല പാർശ്വ ഫലങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ വീട്ടിൽ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രകൃതിദത്തമായ മാർഗങ്ങൾ ചെയ്യുന്നതാണ് ഉത്തമം. വെറും ഒരാഴ്ച കൊണ്ട് ശരീരം മുഴുവനുമുള്ള കരിവാളിപ്പ് മാറാനും നിറം വർദ്ധിക്കാനും സഹായിക്കുന്ന ഒരു ആയുർവേദ മാർഗമുണ്ട്. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

നവര അരി - അര ഗ്ലാസ്

പാൽ - കാൽ ഗ്ലാസ്

കസ്‌തൂരി മഞ്ഞൾ - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

നവര അരി വെള്ളത്തിൽ നന്നായി വേവിക്കണം. തണുക്കുമ്പോൾ കഞ്ഞിവെള്ളം ഉൾപ്പെടെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. പാലിലേക്ക് ഈ പേസ്റ്റും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി കുറുക്കിയെടുക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച പാക്ക് ഒരു സോഫ്‌റ്റായിട്ടുള്ള തുണിയിൽ കെട്ടി കിഴി രൂപത്തിലാക്കുക. എന്നിട്ട് ഇളം ചൂടുള്ള പാലിൽ ഈ കിഴി മുക്കി മുഖത്തും ശരീരമാകെയും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.