f

നവകേരള നിർമ്മിതിയിൽ നായകസ്ഥാനത്ത് അണിനിരത്തേണ്ടത് അറിവിൽ അധിഷ്ഠിതമായ തുറകളെയാണെന്ന ചിന്തയ്ക്കും പ്രയോഗത്തിനും വലിയ സ്വീകാര്യത കിട്ടുന്ന സമയമാണിത്. അറിവിന്റെ ഉത്പാദനവും പ്രസരണവും നിർവഹിക്കപ്പെടുന്ന പ്രധാന ഇടം ഉന്നത വിദ്യാഭ്യാസമായതുകൊണ്ട് പരമാവധി പേരെ ഈ മേഖലയിലേക്ക് പ്രവേശിപ്പിക്കുകയെന്നത് വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ വികാസത്തിലെ അടിസ്ഥാന ഘടകമാകുന്നു. ഈ ബോദ്ധ്യത്തിൽ നിന്നാണ് സംസ്ഥാന ആസൂത്രണ ബോർഡ് കേരളത്തിന്റെ ഉപരിപഠനരംഗത്തെ ഗ്രോസ് എൻറോൾമെന്റ് നിരക്ക് ഇപ്പോഴത്തെ 45 ശതമാനത്തിൽ നിന്ന് 2035 അകുമ്പോഴേക്ക് 75 ശതമാനത്തിനു മുകളിലെത്തിക്കേണ്ടതാണെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയതിനു കാരണനും മറ്റൊന്നല്ല.

അടുത്ത പത്തു വർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴത്തേതിൽ നിന്ന് 30 ശതമാനം (ഏകദേശം 91 ലക്ഷം)പേരെ അധികമായി പ്രവേശിപ്പിക്കുകയെന്നത് സംസ്ഥാനത്തെ അഫിലിയേറ്റഡ് സർവകലാശാലകൾക്കും അവയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന കലാലയങ്ങൾക്കും മാത്രമായി നിറവേറ്റാൻ കഴിയുന്ന ദൗത്യമല്ല. ഈ പശ്ചാത്തലത്തിലാണ് ഗുണമേന്മയുള്ള വിദൂരപഠന ക്രമത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായി 2020-ൽ രൂപീകരിക്കപ്പെട്ട ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ പങ്ക് നിർണായകമാകുന്നത്.

പരമ്പരാഗത രീതിയിലുള്ള സർവകലശാലകളുടേതിൽ നിന്ന് വ്യത്യസ്തമായ പ്രവേശന മാനദണ്ഡങ്ങളും സവിശേഷമായ പഠനക്രമങ്ങളുമാണ് കേരളത്തിലാകെ പ്രവർത്തിക്കാൻ കഴിയുന്ന ഓപ്പൺ സർവകലാശാലയ്ക്കുള്ളത്. അഫിലിയേറ്റഡ് സർവകലാശാലകൾക്ക് സെലക്ടീവ് അഡ്മിഷൻ രീതി സ്വീകരിക്കേണ്ടി വരുമ്പോൾ ഇവിടെ മിനിമം യോഗ്യതയ്ക്കു വിധേയമായി മുഴുവൻ അപേക്ഷകരെയും പഠിതാക്കളാക്കി മാറ്റാൻ കഴിയുന്നു. നേരത്തേ പഠിച്ച വിഷയങ്ങളുടെ പേരിലുള്ള തടസ്സങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, ഹയർസെക്കൻഡറിക്ക് ഹ്യുമാനിറ്റീസ് പഠിച്ച ആൾക്ക് കൊമേഴ്സ് ബിരുദത്തിനും ചേരാവുന്നതാണ്.

വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങളാലോ മറ്റു കാരണങ്ങളാലോ റഗുലർ സർവകലാശാലകളിലും കോളേജുകളിലും നേരിട്ടു പോയി പഠിക്കാൻ കഴിയാത്തവർക്കും ഉന്നതവിദ്യാഭ്യാസം പകർന്നു നൽകാൻ പാകത്തിലാണ് ഓപ്പൺ സർവകലാശാലയുടെ പഠന-ബോധന രീതികൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ മാർഗനിർദ്ദേശങ്ങളുടെ പിൻബലത്തിൽ തയ്യാറാക്കപ്പെടുന്ന സ്വയം പഠന സാമഗ്രികളും, അവയെ ബലിഷ്ഠമാക്കുന്ന ഡിജിറ്റൽ ബോധന സങ്കേതങ്ങളും വഴിയാണ് പഠനം. കേരളത്തിലാകെ ഒരുക്കിയിട്ടുള്ള പഠനകേന്ദ്രങ്ങളിൽ ഏതാനും ഒഴിവുദിനങ്ങളിൽ അദ്ധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ,​ ആർക്കും ഏതു സ്ഥലത്തും ഏതുസമയത്തും വിദ്യ അഭ്യസിക്കാൻ പാകത്തിലുള്ള സംവിധാനമാണ് ഓപ്പൺ സർവകലാശാലയ്ക്കുള്ളത്.

എന്നാൽ, വൻതോതിൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കേരളത്തിലാകെ പ്രവർത്തന സ്വാതന്ത്ര്യമുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പ്രാപ്തിയുണ്ടെങ്കിലും, അഡ്മിഷൻ നോട്ടിഫിക്കേഷനുകളിലൂടെ മാത്രം ഈ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനാകില്ലെന്ന യാഥാർത്ഥ്യവും യൂണിവേഴ്സിറ്റി തിരിച്ചറിയുന്നു. അതുകൊണ്ടാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള 'സമ്പൂർണ്ണ ബിരുദ സംസ്ഥാന'മെന്ന പദ്ധതിക്ക് സർവകലാശാല രൂപം നൽകിയത്. തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ, പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവരെയും,​ പല കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശിക്കാൻ കഴിയാതെ പോയവരെയും കണ്ടെത്തുകയും,​ അവർക്ക് പ്രചോദനം നൽകി ഓപ്പൺ സർവകലാശാലയുടെ പഠിതാക്കളാക്കുകയും ചെയ്യുന്ന കർമ്മമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുഷ്ഠിക്കാനുള്ളത്.

ഈ വഴിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്. ഉദാഹരണമായി, ഓപ്പൺ സർവകലാശാലയുമായി ചേർന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരംഭിച്ച ദർപ്പണം എന്ന പരിപാടിയിലൂടെ, ആദ്യഘട്ടമായി 162 വനിതകളെ കണ്ടെത്തുകയും അവരുടെ ഫീസ് ജില്ലാ പഞ്ചായത്ത് തന്നെ ഒടുക്കുകയും അവരെ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കളാക്കുകയും ചെയ്തു. ഈ മാതൃക കേരളമാകെ വ്യാപിപ്പിക്കാൻ കഴിഞ്ഞാൽ അത് നവകേരള സൃഷ്ടിയിലെ വലിയൊരു വഴിത്തിരിവാകും. ഓപ്പൺ സർവകലാശാലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനം വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും,​വരുന്ന ബഡ്ജറ്റിൽ അതിനുള്ള വിഹിതം ഉൾപ്പെടുത്തണമെന്നും നവകേരള സദസ്സിൽ ഈ ലേഖകൻ അഭ്യർത്ഥന നടത്തി, അതിന് മുഖ്യമന്ത്രിയിൽ നിന്ന് പ്രോത്സാഹനജനകമായ പ്രതികരണമുണ്ടായത് വലിയ പ്രതീക്ഷ നൽകുകയും ചെയ്യുന്നു.