
ഡീപ് ഫേക്ക് മുതൽ കൃത്രിം വരെ. സാധാരണക്കാർക്ക് എ.ഐ (നിർമ്മിതബുദ്ധി) എന്ന വാക്ക് ഇപ്പോൾ ഏറെ പരിചിതം. ഒരു വർഷത്തിനിടയിൽ എ.ഐ എന്ന വാക്കിന്റെ ഗൂഗിൾ സെർച്ച് മൂന്നുമടങ്ങാണ് വർദ്ധിച്ചത്. നേട്ടത്തിന് കപ്പിത്താനായത് ഇലോൺ മസ്ക് തന്നെ. മാർച്ചിൽ തന്റെ വിവിധ എ.ഐ കമ്പനികളുടെ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കുമായി മസ്ക് എക്സ് എ.ഐ എന്ന പുത്തൻ കമ്പനി ആരംഭിച്ചു. നിർമ്മിതബുദ്ധിയെ നിയന്ത്രണവിധേയമാക്കാൻ ലോകനേതാക്കൾ നടത്തിയ ചർച്ചയിൽ മനുഷ്യനെ സഹായിക്കുന്നതും മനുഷ്യന് മുകളിലെത്താത്തതുമായ നിർമ്മിതബുദ്ധിയെപ്പറ്റി മസ്ക് വാചാലനായി. വരുംവർഷങ്ങളിൽ എ.ഐയുടെ ഉപയോഗം ഇരട്ടിക്കുമെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
എ.ഐ ടൂളുകൾ
സ്വന്തം ശബ്ദത്തിൽ പാട്ട് റെക്കാഡ് ചെയ്യാനാവുന്ന ഫൈൻഷെയർ സിംഗിഫൈ ആയിരുന്നു പോയവർഷത്തിലെ എ.ഐ ടൂളുകളിലെ കൊമ്പൻ. ടൂൾ വഴി നമ്മുടെ ശബ്ദത്തിന്റെ സ്ഥാനത്ത് പ്രമുഖ ഗായകരുടെ ശബ്ദം വരുത്താനാകും. ഉറുമി എന്ന ചിത്രത്തിലെ 'ആരാന്നേ ആരാന്നേ.."എന്ന ഗാനം മൈക്കിൾ ജാക്സൺ പാടുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആശയം നൽകിയാൽ ചിത്രം വരയ്ക്കുന്ന മിഡ്ജേർണിക്കും കലാമേഖലയിൽ വിപ്ലവം സൃഷ്ടിക്കാനായി. തിരക്കഥ എഴുതാനും വരികൾക്ക് ഈണമിടാനും മനുഷ്യന് പകരം എ.ഐ വരുന്ന കാലം വിദൂരമല്ല.
ദേ പോയി ദാ വന്നു
നിർമ്മിതബുദ്ധി രംഗത്ത് ചാറ്റ് ജി.പി.ടിയിലൂടെ വിപ്ലവം സൃഷ്ടിച്ച ഓപ്പൺ എ.ഐ എന്ന കമ്പനി സി.ഇ.ഒ സാം ആൾട്ട്മാനെ ബോർഡ് പിരിച്ചുവിട്ടിരുന്നു. എന്നാൽ അധികം വൈകാതെ നാടകീയമായി സാം കമ്പനിയിലേക്ക് തിരിച്ചുവന്നു. വ്യക്തമായ കാരണം പുറത്തുവിട്ടില്ലെങ്കിലും എ.ഐ ഉപയോഗം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. സ്രഷ്ടാവ് തന്നെ എ.ഐയെ തള്ളിപ്പറയുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.
മരണസമയം അറിയാൻ
മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ന്യൂറാ ലിങ്ക് എന്ന മസ്ക് കമ്പനി ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് സൈബർ ലോകം പറയുന്നു. 'നിങ്ങളുടെ മരണസമയം അറിയാം" എന്നതാണ് കമ്പനി വികസിപ്പിച്ച ന്യൂറാ ലിങ്ക് ചിപ്പിന്റെ ആപ്തവാക്യം. ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ചാൽ ശ്വാസം വലിക്കുന്നതു മുതൽ നെഞ്ചിടിപ്പ് വരെ അറിയാനാകും. അമിതവണ്ണം, ഓട്ടിസം, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ അവസ്ഥകളിൽ നിന്ന് മോചനം ലഭിക്കാൻ സഹായിക്കുന്ന ചിപ്പ് ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്.
ചാറ്റ്ബോട്ടുകൾ
കഴിഞ്ഞ നവംബറിൽ യു.എസ് കമ്പനിയായ ഓപ്പൺ എ.ഐ നിർമ്മിച്ച ചാറ്റ് ജി.പി.ടിക്ക് ഒരുവയസു തികഞ്ഞു. മനുഷ്യനോട് ചോദിക്കുന്നതുപോലെ ചോദ്യം ചോദിച്ചാൽ അതുപോലെ മറുപടി നൽകുന്ന ചാറ്റ് ജി.പി.ടി ഐ.ടി കമ്പനികളിലെ താരമായി.
ഡിസംബറിൽ ചാറ്റ് ജി.പി.ടിക്ക് ബദലായി ഇലക്ട്രിക്ക് വാഹന നിർമ്മാണ കമ്പനി ഓല രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട് 'കൃത്രിം"അവതരിപ്പിച്ചു. വിദേശഭാഷകൾ മാത്രം മനസിലാവുന്ന ചാറ്റ് ജി.പി.ടിക്ക് വിപരീതമായി കൃത്രിമിന് മലയാളം ഉൾപ്പെടെയുള്ള 22 ഭാഷകൾ മനസിലാവും. ടെക്സ്റ്റായും സംസാരമായും ചിത്രങ്ങളായും ഉത്തരം നൽകും. ഗൂഗിളിന്റെ ബാർഡും മൈക്രോസോഫ്റ്റിന്റെ ബിംഗും ഇന്ന് ടെക്കികളുടെ ജീവനാണ്.
ജാഗ്രതയോടെ
അതേസമയം ഒരാളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും മനസിലാക്കാനുള്ള വ്യാജ മെയിലുകൾ ഉണ്ടാക്കുന്ന 'ഫിഷിംഗി"നായും ചിലർ നിർമ്മിതബുദ്ധിയെ ദുരുപയോഗം ചെയ്യുന്നുണ്ട്. ചാറ്റ് ജി.പി.ടിയുടെ അപരനായ വോം ജി.പി.ടിയിലാണ് കൂടുതൽ കുറ്റകൃത്യങ്ങളും നടക്കുന്നത്.
ഫോണിൽ നിന്ന് ആധാർ അടക്കമുള്ള വിവരങ്ങൾ തട്ടിപ്പുകാർക്ക് ചോർത്താനാകും എ.ഐ സാങ്കേതികവിദ്യയായ പാസ്ജനിലൂടെ ഒരു മിനിട്ടിനകത്ത് സമൂഹമാദ്ധ്യമങ്ങളിൽ ഉപയോഗിക്കുന്ന 51 ശതമാനം പാസ്വേർഡുകളും കണ്ടെത്താനായത് അദ്ഭുതത്തോടെയാണ് സൈബർ ലോകം വീക്ഷിച്ചത്.
ആദ്യ തട്ടിപ്പ് കേരളത്തിൽ
2023 ജൂലായിൽ രാജ്യത്ത് ആദ്യമായിഎ.ഐ ഉപയോഗിച്ച് വ്യാജ വീഡിയോ കാളിലൂടെ തട്ടിപ്പ് നടത്തിയത് കോഴിക്കോടായിരുന്നു. കേന്ദ്രസർവീസിൽ സീനിയർ പോസ്റ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് നഷ്ടമായത് 45,000 രൂപയാണ്. ഡീപ്ഫേക്ക് എന്ന വാക്ക് കേരളത്തിൽ തരംഗമായ സമയമായിരുന്നു അത്.വ്യക്തികളുടെ രൂപം മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണിത്. ചുണ്ടുകളുടെയും പുരികത്തിന്റെയും ചലനം വരെ കൃത്യമായിരുന്നു. ഗോഡ്ഫാദർ എന്ന ഇംഗ്ലീഷ് സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചാൽ എങ്ങനെയിരിക്കുമെന്ന തരത്തിലെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തത് കോടിക്കണക്കിന് പേരാണ്.
'എന്തും ചെയ്യാൻ എ.ഐ "എന്ന് പറയുമ്പോഴും മനുഷ്യന്റെ സർഗാത്മകത, സ്നേഹം,സഹാനുഭൂതി എന്നിവയ്ക്ക് പകരം വയ്ക്കാൻ എ.ഐയ്ക്ക് സാധിച്ചിട്ടില്ല. ജീവിതം എളുപ്പമാക്കാൻ മനുഷ്യൻ വികസിപ്പിച്ച സാങ്കേതികവിദ്യ 'ഉടമയെ അടിമയാക്കാതിരിക്കട്ടെയെന്ന് "പ്രത്യാശിക്കാം. എ.ഐയ്ക്ക് കൈകൊടുക്കണോ, കൈഅകലത്തിൽ നിറുത്തണമോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.