ടെഹ്റാൻ: ഇറാന്റെ യുദ്ധസമാന നീക്കത്തെ കുടത്തിലാക്കാൻ ചൈന രംഗത്തെത്തി. യുദ്ധസാദ്ധ്യത എവിടെ രൂപപ്പെട്ടാലും ഏതെങ്കിലും വിധത്തിൽ അത് എല്ലാവരെയും ബാധിക്കുമെന്നിരിക്കെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കരുതലോടെയാണ് ഇറാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധനീക്കത്തെ നിരീക്ഷിക്കുന്നത്.
ഇറാനും പാകിസ്ഥാനും പരസ്പരം ആക്രമിച്ചതോടെ ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്തായ ചൈന മദ്ധ്യസ്ഥതയ്ക്ക് ഒരുങ്ങുകയാണ്. സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാക്കരുതെന്നും മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ബീജിംഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച ഇറാൻ പാക് വ്യോമാതിർത്തി ലംഘിച്ച് നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ഭീകരഗ്രൂപ്പുകളുടെ ഏഴ് താവളങ്ങൾ ആക്രമിച്ചതായും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും പാക് വിദേശമന്ത്രാലയം അറിയിച്ചു. മർഗ് ബർ സർമാചാർ (ഗറില്ല പോരാളികൾക്ക് മരണം) എന്ന പേരിലായിരുന്നു പാക് ഓപ്പറേഷൻ.
സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ നടപടികളിലേക്ക് നീങ്ങരുതെന്ന് ഇറാന് പാകിസ്ഥാൻ മുന്നറിയിപ്പും നൽകി. ഇറാൻ വിദേശമന്ത്രാലയം പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറും വിദേശമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും വിദേശ സന്ദർശം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ച പാകിസ്ഥാൻ, നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരിച്ചുവരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലും ഭീകരഗ്രൂപ്പുകൾ സജീവമാണെങ്കിലും ആ പേരിൽ പരസ്പരം ആക്രമിക്കുന്നത് ആദ്യമാണ്.
ച്ചുവരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലും ഭീകരഗ്രൂപ്പുകൾ സജീവമാണെങ്കിലും ആ പേരിൽ പരസ്പരം ആക്രമിക്കുന്നത് ആദ്യമാണ്.
48 മണിക്കൂറിൽ മൂന്ന് രാജ്യങ്ങളിൽ
ശത്രുവിനെ ഏത് രാജ്യത്തും കടന്നാക്രമിക്കുന്ന ശൈലിയാണ് ഇറാന്. 48 മണിക്കൂറിനുള്ളിലാണ് സിറിയയിലും ഇറാക്കിലും പാകിസ്ഥാനിലും ഇറാന്റെ മിസൈലാക്രമണം. ഭീകരതയാണ് കാരണമായി പറയുന്നത്. ഇറാനിലെ കെർമൻ നഗരത്തിൽ 84പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിൽ ഐസിസാണെന്നും കഴിഞ്ഞമാസം ഇറാൻ കമാൻഡർ സെയദ് റാസ മുസാവിയെ സിറിയയിൽ വധിച്ചത് ഇസ്രയേൽ ചാര ഏജൻസി മോസാദാണെന്നും ഇറാൻ പറയുന്നു. തിങ്കളാഴ്ച ഇറാക്കിൽ മോസാദിനെതിരെയും സിറിയയിൽ ഐസിസ് കേന്ദ്രത്തിലും
ആക്രമണം നടത്തിയിരുന്നു.
കരുതലോടെ ഇന്ത്യ
പാകിസ്ഥാന്റെ ഭീകരതയ്ക്കെതിരെ കടുത്ത നിലപാടുള്ള ഇന്ത്യ കരുതലോടെയാണ് പ്രതികരിച്ചത്. ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഭീകരതയോട് വിട്ടുവീഴ്ചയില്ല. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ചില രാജ്യങ്ങൾ നടപടികളെടുക്കുന്നതെന്ന് ഇറാനെ പരോക്ഷമായി പരാമർശിച്ച് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.