
വത്തിക്കാൻ: ലൈംഗിക ആനന്ദം ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. അശ്ലീല ചിത്രങ്ങളുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലൈംഗികത എന്നത് വില നൽകേണ്ട ഒന്നായിരുന്നു. എന്നാൽ, അശ്ലീല ചിത്രങ്ങൾ കാരണം അത് മോശമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തുവ.
'നമുക്ക് പ്രണയത്തെ പ്രതിരോധിക്കണം. അശ്ലീല ചിത്രങ്ങൾക്കെതിരെ വിജയിക്കുക എന്നത് ജീവിതകാലം മുഴുവൻ ചെയ്യേണ്ട ഒരു കാര്യമാണ്. അശ്ലീലം ആസക്തിയായി മാറുമ്പോൾ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാൻ കാരണമാകുന്നു. ഇത് അപകടകരമായ ദുഷ്‌പ്രവണതതയിലേക്കും നയിക്കും. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ ഇത് നിങ്ങളെ അനുവദിക്കില്ല. മറിച്ച് സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാൻ പോലും നിങ്ങളെ പ്രേരിപ്പിക്കുന്നു. അത് പ്രണയ ബന്ധത്തെ പോലും നശിപ്പിക്കുന്നു. ' - ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
ഇതാദ്യമായല്ല ഫ്രാൻസിസ് മാർപ്പാപ്പ അശ്ലീല ചിത്രങ്ങളുടെ അപകടത്തെ കുറിച്ച് പറയുന്നത്. 2022 ഒക്ടോബറിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അശ്ലീല ചിത്രം കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് തനിക്ക് അറിയാമെന്നും അദ്ദേഹം സമ്മതിച്ചു. അവരുടെ ഫോണിൽ നിന്നും വീഡിയോകൾ നീക്കം ചെയ്യാൻ ഉപദേശിച്ചുവെന്നും അതുണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് മനസിലാക്കി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകളെ കുറിച്ച് മാത്രമല്ല, എല്ലാത്തിനെ കുറിച്ചുമാണ് പരാമർശിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.
ശേഷം, 2023 ഏപ്രിലിൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലും അദ്ദേഹം ലൈംഗികതയുടെ ഗുണങ്ങളെ പ്രശംസിച്ചു, "ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്ന്" എന്നാണ് വിശേഷിപ്പിച്ചത്. സ്വയംഭോഗത്തെയും അദ്ദേഹം എതിർത്ത് സംസാരിച്ചിരുന്നു.