
ഏറെ പ്രതീക്ഷയോടെ ജനം കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുക്കുന്നത്. ഈ വിശേഷ ദിവസം വിഐപി ദർശനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നിരവധി ഭക്തരെയാണ് സെെബർ കുറ്റവാളികൾ കബളിപ്പിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും സന്ദേശമയച്ചാണ് ഭക്തരെ ഇതിൽ കുടുക്കുന്നത്. പ്രസാദം, ക്ഷേത്ര നിർമ്മാണത്തിന് സംഭാവന, ദർശനം എന്നീ കാരണങ്ങൾ പറഞ്ഞാണ് പണം തട്ടുന്നത്. ഇവ എങ്ങനെയെന്ന് നോക്കാം.
വിഐപി സന്ദർശനം
വാട്സാപ്പിലേക്ക് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം വരും. ഇതിൽ ഒരു പിഡിഎഫ് ഫയലും കാണും. ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കാൻ വിഐപി പാസ് നിങ്ങൾക്ക് ലഭിച്ചെന്നായിരിക്കും ആ സന്ദേശം. ഇത് വഴി ലഭിക്കുന്ന ഫയൽ ഓപ്പൺ ചെയ്യുന്നതിലൂടെ ഹാക്കാർമാർക്ക് ഫോൺ ട്രാക്ക് ചെയ്യാനും നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിഗത ഡാറ്റകളും ശേഖരിക്കാനും കഴിയും.

വിഐപി എൻട്രി വാഗ്ദാനം ചെയ്തുള്ള ആപ്പും ഈ തട്ടിപ്പ് സംഘം പുറത്തിറക്കിയിട്ടുണ്ട്. 'രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ' എന്നാണ് ആപ്പിന്റെ പേര്. എന്നാൽ അയോദ്ധ്യ ക്ഷേത്ര മാനേജ്‌മെന്റിനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കോ ക്ഷേത്ര ട്രസ്റ്റിനോ ഇതിൽ ബന്ധമില്ല. ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉള്ളവരാണ് കൂടുതലും ഈ തട്ടിപ്പിന് ഇരയാകുന്നത്. ഐ ഫോണിൽ ഈ തട്ടിപ്പിനെ പ്രതിരോധിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
ക്യു ആർ കോഡും തട്ടിപ്പും
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് പണം ആവശ്യമാണെന്ന് പറഞ്ഞ് ജനങ്ങളോട് ക്യു ആർ കോഡ് വഴി പണം സംഭാവന ചെയ്യാൻ ആവശ്യപ്പെടുന്നു. 'ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര അയോദ്ധ്യ, ഉത്തർപ്രദേശ്' എന്ന ഒരു എക്സ് പേജിലൂടെയാണ് ഈ ക്യൂ ആർ കോഡ് പങ്കുവച്ചിരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ പേരിൽ സംഭാവന ആവശ്യപ്പെട്ട് സന്ദേശമയച്ചതായും ചിലർ പരാതി നൽകിയിട്ടുണ്ട്.

പ്രസാദം
ഇ കൊമേഴ്സ് ആപ്പുകളായ ആമസോണിൽ അയോദ്ധ്യ ശ്രീ രാം മന്ദിർ പ്രസാദം എന്ന പേരിൽ ക്ഷേത്രത്തിലെ പ്രസാദം വിൽപന നടക്കുന്നുണ്ട്. ഉൽപ്പന്ന വിവരണങ്ങളിൽ ഇത് രാം മന്ദിർ ജന്മഭൂമി ട്രസ്റ്റ് അംഗീകരിച്ചതായും അവകാശപ്പെടുന്നു. എന്നാൽ ഇങ്ങനെ ഒരു പ്രസാദം വിതരണം നടത്തുന്നില്ലെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചത്. ജനുവരി 22ന് ശേഷമായിരിക്കും പ്രസാദ വിതരണത്തിൽ തീരുമാനം എടുക്കുക.
ഇതുപോലെ നിരവധി വെബ്‌സെെറ്റുകളാണ് വ്യാജ പ്രസാദത്തിന്റെ പേരിൽ പണം തട്ടുന്നത്. ഷിപ്പിംഗ് ചാർജ് ഇടക്കാതെയാണ് ഭക്തർക്ക് പ്രസാദം എത്തിക്കുന്നത്. ചില പ്രസാദത്തിന് 50രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ ഈ പ്രസാദം രാമ ക്ഷേത്രത്തിൽ നിന്നുള്ളതല്ല. ഇത്തരം സെെറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നത് നിർത്താനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വസ്തുതകൾ
ജനുവരി 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യത്തുടനീളമുള്ള 11,000-ലധികം അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. അതിന് ശേഷമായിരിക്കും ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുക്കുക. ഈ സമയം ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം ഉണ്ട്. ആരതി ഒരു ദിവസം മൂന്ന് തവണ നടക്കുന്നത് ഇതിൽ പാസ് ഉള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. സർക്കാർ നൽകിയ ഐഡി കാർഡുകൾ ഹാജരാക്കിയാൽ ആരതിയുടെ പാസ് ലഭിക്കും.