
മലൈക്കോട്ടൈ വാലിബനെ പോലൊരു ചിത്രം ഇതുവരെ ഇന്ത്യൻ സിനിമയിലുണ്ടായിട്ടുണ്ടാകില്ലെന്ന് മോഹൻലാൽ. കാലവും ദേശവുമൊന്നുമില്ലാത്ത സിനിമയാണ്. വലിയൊരു കാൻവാസിലാണ് സിനിമ ചെയ്തിരിക്കുന്നത്. പ്രണയം, വിരഹം, ദു:ഖം, സന്തോഷം അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി.
ഒരു നടൻ എന്ന നിലയിൽ തനിക്ക് വളരെയേറെ സംതൃപ്തി നൽകുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഗ്യം കൂടിയാണ് സിനിമയ്ക്ക് ഇനി വേണ്ടത്. ഇത് പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്തപ്പോൾ, തങ്ങളാരും ഇതുവരെ ഇത്തരത്തിലൊരു സിനിമ കണ്ടിട്ടില്ലെന്നാണ് അവിടെയുള്ളവർ പറയുന്നതെന്നും മോഹൻലാൽ പ്രസ്‌മീറ്റിൽ വ്യക്തമാക്കി.
ഇൻട്രോ സീനിൽ തീയേറ്റർ വിറയ്ക്കുമെന്നാണ് എല്ലാവരും പറയുന്നത്. ലാലേട്ടന് എന്ത് തോന്നുന്നുവെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'വിറയ്ക്കുമോയെന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല. കുഴപ്പമുണ്ടാകില്ലെന്ന് തോന്നുന്നു. പ്രസന്റ് ചെയ്യുന്ന രീതിയാണല്ലോ ഇൻട്രൊഡക്ഷൻ എന്നുപറയുന്നത്. ഒരു സിനിമയിൽ ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ, അയാളെ പ്രസന്റ് ചെയ്യുന്ന ത്രിൽ ആണ്. അത് ഒരു സ്‌കിൽ ആണ്. ആ സ്‌കിൽ ഈ സിനിമയിൽ ഉണ്ടായിരിക്കാം. കണ്ടിട്ടേ പറയാൻ പറ്റുള്ളൂ. ഇനി മോൻ വിറച്ചില്ല എന്നുപറഞ്ഞ് എന്റെ അടുത്ത് വരരുത്.'-മോഹൻലാൽ പറഞ്ഞു.
'ഇങ്ങനെയൊരു സിനിമ വന്നപ്പോൾ എനിക്ക് ചെയ്യാൻ പറ്റി. വളരെ ഡിഫ്രന്റായിട്ടുള്ളൊരു സിനിമ വന്നാൽ ചെയ്യും. നമുക്കും കൂടി താത്പര്യം വരണമല്ലോ. നമ്മളോട് ഒരു കഥ വന്ന് പറഞ്ഞിട്ട് അത് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. നമ്മുടെ ഇഷ്ടം. നമുക്കും തെറ്റുകൾ പറ്റാം. നമ്മൾ തിരഞ്ഞെടുക്കുന്ന കഥകൾ ശരിയാകണമെന്നില്ല. ചില കഥകൾ നമ്മളെ വളരെ എക്‌സൈറ്റഡാക്കും. അങ്ങനെ എക്‌സൈറ്റഡാക്കിയ സിനിമയായിരുന്നു ഇത്.'- അദ്ദേഹം വ്യക്തമാക്കി.
ഒരു അമർചിത്രകഥ വായിക്കുന്നതുപോലെയുള്ളൊരു കഥയാണിതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.