boy

താരങ്ങളെ പോലെ തന്നെ മക്കളും ജനിക്കുമ്പോഴേ താരങ്ങളാണ്. അവരുടെ മുഖം ഒപ്പിയെടുക്കാൻ ആളുകൾ മത്സരിക്കുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകുന്നതും സാധാരണമാണ്. എന്നാൽ സാധാരണ ഒരു കുടുംബത്തിൽ ജനിച്ച കുട്ടിയുടെ വീഡിയോ അപ്രതീക്ഷിതമായി വൈറലായാലോ?

അത്തരത്തിൽ ആബെ എൻഡെഗെ എന്ന ആൺകുട്ടിയുടെ വീഡിയോ വൈറലായിരുന്നു. തന്റെ കിന്റർഗാർട്ടനിലെ ആദ്യദിന വിശേഷങ്ങളൊക്കെ കുട്ടി അമ്മയോട് പങ്കുവച്ചിരുന്നു. അവർ ഇതെല്ലാം ഫോണിൽ പകർത്തുകയും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. 2018ലായിരുന്നു സംഭവം.

പിന്നീട് ഇത്തരത്തിലുള്ള വീഡിയോ പങ്കുവയ്ക്കുന്നത് അവർ തുടർന്നു. എന്നാൽ കഴിഞ്ഞ വർഷം, നാലാം ക്ലാസിലേക്ക് പ്രവേശിക്കാൻ അബെ തയ്യാറെടുക്കുമ്പോൾ, #backtoschool എന്ന ഹാഷ്‌ടാഗോടെ അവർ ഇത് ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 10 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള വീഡിയോ 15 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഒറ്റ രാത്രികൊണ്ട് അവൻ ലോകപ്രശസ്തനായി.


കൂടാതെ നിരവധി ഷോകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സെലിബ്രിറ്റികൾ അടക്കമുള്ളവർ കുട്ടിയെ തേടിയെത്തി. ഒരുപാട്‌ ഓഫറുകളും പിന്നാലെ പണവും തേടിയെത്തി. പ്രാദേശികവും ദേശീയവുമായ മാദ്ധ്യമങ്ങളിൽ അബെ ഒരു ദിവസം ഒന്നിലധികം അഭിമുഖങ്ങൾ നൽകി. ഇത്തരത്തിലുള്ള ടൈറ്റ്‌ ഷെഡ്യൂൾ മകന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചതായി ആ അമ്മ തിരിച്ചറിഞ്ഞു. കുട്ടിയുടെ മാനസികനിലയേയും പഠനത്തെപ്പോലും അത് സാരമായി ബാധിച്ചു. ഇതൊരു ഉദാഹരണം മാത്രമാണ്. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്?

അഞ്ചുവയസുകാരനായ മറ്റൊരു കുട്ടി കണ്ണീരോടെയാണ് കിന്റർഗാർട്ടനിൽ നിന്നെത്തിയത്. ഇത് കണ്ട് രക്ഷിതാവ് ആശയക്കുഴപ്പത്തിലായി. കാര്യം തിരക്കിയപ്പോൾ നെയിൽപോളിഷ് ഇട്ടതിന് സഹപാഠികൾ അവനെ കളിയാക്കിയാതാണെന്ന് മനസിലായി. മകനെ പിന്തുണച്ചുകൊണ്ട് ആ പിതാവ് പെയിന്റ് ചെയ്ത നഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും, സംഭവത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

പോസ്റ്റ് തൽക്ഷണം വൈറലായി, ഇന്റർനെറ്റിലെ വലിയൊരു വിഭാഗം പിന്തുണയുമായെത്തി. എന്നാൽ കുറച്ചുപേർ എന്തിനാണ് ഇത്രയും ചെറിയ കുട്ടിയ്ക്ക് നെയിൽപോളിഷ് ഇട്ടുകൊടുത്തതെന്ന് ചോദിച്ച് വിമർശനവുമായി രംഗത്തെത്തി.ഇത് കുടുംബത്തിന് വലിയ സമ്മർദമുണ്ടാക്കി.

ഈ രണ്ട് സംഭവങ്ങളും നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും മക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന എല്ലാ രക്ഷിതാക്കൾക്കും ഇതൊരു പാഠമാണ്.