
ഭദ്രാചലത്തിലെ സീതാരാമചന്ദ്രസ്വാമി ക്ഷേത്രത്തിന് അയോദ്ധ്യയിലെ രാമക്ഷേത്രവുമായി അടുത്ത ബന്ധമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പറഞ്ഞതോടെ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയാണ് ഭക്തർ. തനിക്ക് രാമക്ഷേത്രം സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ രണ്ട് ക്ഷേത്രങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് രേവന്ദ് റെഡ്ഡി പറഞ്ഞത്. സീതാരാമചന്ദ്രസ്വാമി ക്ഷേത്രത്തിന് അയോദ്ധ്യയിലെ രാമക്ഷേത്രവുമായുളള ബന്ധം എന്താണെന്ന് നോക്കാം.
ക്ഷേത്രരൂപീകരണം
പതിനേഴാം നൂറ്റാണ്ടിലാണ് ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. രമാദാസു എന്ന ഭക്തനാണ് ക്ഷേത്രത്തിന്റെ നിർമാണത്തിന് പിന്നിൽ. അദ്ദേഹം കഞ്ചേർല ഗോപണ്ണ എന്നുമറിയപ്പെടുന്നു. രമാദാസുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി തെലുങ്ക് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അന്നത്തെ സുൽത്താനായ അബ്ദുൽ ഹസൻ ഖുത്തബ് ഷായുടെ ഭരണകാലത്തെ തഹസിൽദാരായിരുന്നു അദ്ദേഹം. തന്റെ ജോലി കഴിഞ്ഞുളള സമയങ്ങളിൽ ക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അദ്ദേഹം പരിശ്രമം നടത്തിയിരുന്നു. അതിനുളള പണസമാഹരണത്തിനായി ഗ്രാമവാസികളുടെ സഹായവും തേടിയിരുന്നു. ഇതിനിടെ നിരവധി ബുദ്ധിമുട്ടുകൾ രമാദാസു നേരിട്ടിട്ടുണ്ട്.

ഇതിനുശേഷമാണ് രമാദാസുവിന്റെ ആഗ്രഹം സഫലമാകുന്നത്. എന്നാൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായതിന് പിന്നാലെ അദ്ദേഹത്തിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന കുറ്റത്തിൽ 12 വർഷത്തോളം രാമദാസുവിന് ജയിലിൽ കഴിയേണ്ടി വന്നു. ജയിൽ വാസത്തിനിടെയാണ് രാമദാസു ഭഗവാൻ രാമനെക്കുറിച്ചുളള സ്തുതിഗീതങ്ങളും രചിച്ചു. വർഷങ്ങൾക്ക് ശേഷം രണ്ട് വ്യക്തികൾ ഭീമൻ തുക കെട്ടിവച്ചാണ് രാമദാസുവിനെ പുറത്തിറക്കിയത്. അതിനുശേഷം ആ രണ്ട് വ്യക്തികൾ മാഞ്ഞുപോയെന്നും പറയപ്പെടുന്നു. അവർ രാമലക്ഷമണൻമാരാണെന്നാണ് രാമദാസു വിശ്വസിച്ചിരുന്നത്.
വിഗ്രഹത്തിന്റെ പ്രത്യേകത
ഗോദാവരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന രാമചന്ദ്രസ്വാമീ ക്ഷേത്രത്തിന് പിന്നിൽ ഐതീഹ്യങ്ങളേറെയാണ്. ഒരു ഭക്തന് നൽകിയ വാഗ്ദാനം പാലിക്കാനായി മഹാവിഷ്ണു വൈകുണ്ഡ രാമനായി അവതരിച്ചിരുന്നു. ഈ രാമനെയാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. വൈകുണ്ഡ രാമനായി അവതരിക്കാനുളള തിടുക്കത്തിൽ മഹാവിഷ്ണു മുൻപ് മനുഷ്യനാണെന്ന കാര്യം മറന്നുവെന്നും തന്റെ കൈകാലുകൾ നിലനിർത്തിയെന്നും പറയപ്പെടുന്നു.

ഇവിടെ ആരാധിക്കുന്ന രാമന്റെ മടിയിലായി സീതാദേവി ഇരിക്കുന്നതും അടുത്തായി ലക്ഷമണൻ നിൽക്കുന്നതും കാണാൻ സാധിക്കും. നാല് കൈകളോടുകൂടിയ രാമന്റെ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അങ്ങനെ ഭക്തന്റെ ആഗ്രഹം ഭഗവാൻ സാക്ഷാൽക്കരിച്ചുവെന്നും പറയപ്പെടുന്നു.
ഭക്തന്റെ ത്യാഗം
ക്ഷേത്രത്തെ ചുറ്റിപ്പറ്റി അനേകം കഥകൾ നിലവിലുണ്ട്. അങ്ങനെയുളള ഒരു കഥയാണ് ദേവന്റെ ഭക്തനായ ഭദ്രന്റേത്. രാമഭഗവാന്റെ അനുഗ്രഹം കൊണ്ട് കല്ലിൽ നിന്നും മനുഷ്യജന്മം വീണ്ടെടുത്തയാളാണ് ഭദ്രൻ. ഇദ്ദേഹം രാമഭഗവാന്റെ കടുത്ത ഭക്തനായിരുന്നു.ദൈവത്തെ കാണുന്നതിനായി ഭദ്രൻ ഗോദാവരി നദീതീരത്ത് തപസിരുന്നു. എന്നാൽ ഭദ്രന് ഭഗവാനെ കാണാൻ സാധിച്ചിരുന്നില്ല. വർഷങ്ങളോളം തപസിരുന്നിട്ടും കഴിഞ്ഞില്ല.
എന്നാൽ വർഷങ്ങൾക്ക് ശേഷം രാമൻ സീതാദേവിയോടൊപ്പവും ലക്ഷമനോടൊപ്പവും അവതരിച്ച് ഭദ്രന് വരം നൽകിയെന്നാണ് ഐതീഹ്യം. ഇങ്ങനെ രാമൻ അവതരിച്ച സ്ഥലത്തെ ഇന്ന് ഭദ്രാചലം അല്ലെങ്കിൽ ഭദ്രാദ്രി എന്നറിയപ്പെടുന്നു.
ഭക്തയുടെ സ്വപ്നം
ക്ഷേത്രത്തെ ചുറ്റിപ്പറ്റി മറ്റൊരു കഥയും നിലനിൽക്കുന്നുണ്ട്. രാമഭഗവാന്റെ ഭക്തയായ പൊകാല ധമ്മക്കയെന്ന പെൺകുട്ടിയുടേതാണ് കഥ. പെട്ടന്ന് ഒരു ദിവസം രാത്രി പൊകാല ഒരു സ്വപ്നം കാണുകയുണ്ടായി. വനത്തിനുളളിൽ ഭഗവാന്റെ വിഗ്രഹമുണ്ടെന്നായിരുന്നു സ്വപ്നം. തൊട്ടടുത്ത ദിവസം തന്നെ പൊകാല ഗ്രാമവാസികളുടെ സഹായത്താൽ വിഗ്രഹം കണ്ടെത്തുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്നാണ് വിശ്വാസം.