
ഭിക്ഷക്കാരനോട്, ഇല്ല, പൊയ്ക്കോളൂ എന്നു പറയാനുള്ള അവകാശം വീട്ടിലെ കാരണവർക്കാണ്. മറ്റാരും അതിൽ
കൈകടത്താൻ അനുവദിക്കില്ല. 'മാർക്സിസം പറയാൻ എം.ടി വരേണ്ടതില്ല, അതൊക്കെ ഞങ്ങൾ പറഞ്ഞു കൊള്ളാം' എന്ന
അഭിനവ കമ്മ്യൂണിസ്റ്റ് ആചാര്യൻ ജി. സുധാകരന്റെ മുന്നറിയിപ്പിലും ഇതേ നീരസം പ്രകടം. അധികാരം സർവാധിപത്യമായി മാറുന്നുവെന്നും, അത് ജനസേവനത്തിനുള്ള അവസരമാണെന്ന സിദ്ധാന്തം പണ്ടേ കുഴിച്ചു മൂടിയെന്നും മുഖ്യമന്ത്രി പിണറായി സഖാവിനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ കാച്ചിനുള്ള
വിപ്ലവകവിയുടെ മറുകാച്ചായി ഇതിനെ കണ്ടാൽ മതി.
'ഭരണംകൊണ്ട് ജനകീയ പ്രശ്നങ്ങൾ തീരില്ലെന്നത് സാഹിത്യമല്ല .മാർക്സിസമാണ്. നേതാക്കളായ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന അക്കാര്യം ചൂണ്ടിക്കാട്ടാൻ എം.ടി വരേണ്ടതില്ല ' എന്നാണ് സഖാവിന്റെ ഉപദേശം.നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകം പേരുമെന്ന പഴയ സങ്കല്പം മാറ്റിയെടുക്കാൻ ഇ.എം.എസ് ശ്രമിച്ചെന്നും, നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നുമുള്ള എം.ടിയുടെ വാക്കുകളും സഖാവിന് അത്ര സുഖിച്ചിട്ടില്ല. അതും പോട്ടെ; എം.ടിയെ ചാരി ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നതും ആറ്റംബോംബ് വീണെന്ന മട്ടിൽ കാട്ടുന്ന വല്ലാത്ത ഇളക്കവും എങ്ങനെ സഹിക്കും?അഞ്ചാറു പേർ കെട്ടിപ്പിടിച്ചിരുന്നാൽ പാർട്ടി ഉണ്ടാവില്ലെന്നും നമ്മൾ എല്ലാത്തിനും മേലെ എന്ന അഹങ്കാരം വെടിയണമെന്നും അതിന് ഒരാഴ്ച മുമ്പ് സഖാവ് വിതച്ച 'കുഴി ബോംബ്' പാർട്ടിയിലെ ചിലർ വന്ന് ചവിട്ടിത്താഴ്ത്തിയതുകൊണ്ട് പൊട്ടിയില്ലെന്നത് നേര്! അന്നത് ഏറ്റു പിടിക്കാൻ ഒരു എഴുത്തുകാരനെയും കണ്ടില്ല. ഇപ്പോൾ കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ എല്ലാവനും കൊണ്ട് ഇളകുന്നു. എങ്ങനെ ദേഷ്യം വരാതിരിക്കും?
ആരാണ് ടീച്ചറമ്മ? ടീച്ചറമ്മയെ എനിക്കറിയില്ല- ചോദ്യം ആരോടാണെന്ന് അറിയില്ല; ചോദിച്ചത് സുധാകരൻ സഖാവായതിനാൽ പുള്ളിക്കു പിടിക്കാത്ത ആരോടോ ആണെന്ന് വ്യക്തം. മന്ത്രിയാണെങ്കിലും നേതാവാണങ്കിലും ഇത്തരം വിശേഷണങ്ങൾ ഒഴിവാക്കണമെന്ന ഉപദേശവും. ടീച്ചറമ്മയെ പിടികിട്ടിയില്ലേ?ഒരു ക്ളൂ തരാം. 'ഞാൻ എങ്ങനെ
കമ്മ്യൂണിസ്സുകാരിയായി എന്ന് ചിലർ കഥയെഴുതുന്നു. ഒരു ലാത്തിയടി പോലും കിട്ടാത്തവരും ജയിലിൽ കിടക്കാത്തവരുമൊക്കെ കഥയെഴുതുകയാണ്. എന്തു കഥയാണ് എഴുതുന്നത്?മന്ത്രിയായതാണോ കഥ?'
കെ.കെ. ശൈലജയെക്കുറിച്ചാണോ എന്ന് ചാനൽ അഭിമുഖക്കാരൻ ചോദിച്ചപ്പോൾ, പൊതുവെ പറഞ്ഞതാണെന്നായിരുന്നു സഖാവിന്റെ മറുപടി. പക്ഷേ സ്വന്തം ജില്ലയിലെ മന്ത്രിയുടെ കാര്യം വന്നപ്പോൾ സഖാവ് പറഞ്ഞത് 'പൊതുവെ' അല്ല; പേഴ്ണലായി തന്നെ. 'എം.ടിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ അവകാശമില്ലെന്നാണ് ഏതോ ഒരു മന്ത്രി പറഞ്ഞത്. ഏതു ചെറിയാൻ ആയാലെന്താ?ചെറിയാനോട് ഞാൻ എന്തെങ്കിലും പറഞ്ഞോ? അയാൾ എന്റെ ജൂനിയറായി പ്രവർത്തിച്ചു മന്ത്രിയായി എന്നുവച്ച് എന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല.' കൊട്ട് ആർക്കിട്ടെന്നു വ്യക്തം. വ്യക്തിപൂജ ഇഷ്ടപ്പെടാത്തതു കൊണ്ടാവാം സഖാവിന് ആരും സ്തുതി പാടാത്തതെന്ന് ഒരു കൂട്ടർ. ഇനി പാടിയിട്ടും വലിയ കാര്യമില്ലെന്ന് മറ്റൊരു കൂട്ടർ?
ഇരട്ടച്ചങ്കെനെന്ന് അനുയായികളെക്കൊണ്ട് വിളിപ്പിച്ച പിണറായി സഖാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ
വിനീതവിധേയനായി വണങ്ങി നിൽക്കുന്നതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
പിടികിട്ടുന്നില്ല! പത്രത്തിലെ ആ ഫോട്ടോ ഒന്നുകൂടി മനസ്സിരുത്തി നോക്കി. അപ്പോഴല്ലേ അന്തം വിട്ടു പോയത്. വിഘടന വാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും, അവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ചതി പറ്റും. സൂക്ഷിക്കണം! നമ്മൾ മാത്രമല്ല, സി.പി.ഐക്കാരും സൂക്ഷിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലും തിരുവനന്തപുരത്തും അവരല്ലേ ഇടതിനു വേണ്ടി ഇറങ്ങുന്നത്. പറഞ്ഞുനോക്കാം, പരിഹസിച്ചാലോ?
കൊൽക്കത്തയിൽ ജ്യോതി ബസു സ്മാരക കേന്ദ്രം ഉദ്ഘാടനം പോലും മാറ്റിവച്ച് കൊച്ചിയിൽ മോദിയെ സ്വീകരിക്കാനും
പിറ്റേന്ന് യാത്രയാക്കാനും പിണറായി സഖാവ് എന്തിന് ഓടിയെത്തി?മോദിയുടെ ഇരുകൈകളും ചേർത്തുപിടിച്ച് മച്ചാന്മാരെപ്പോലെയുള്ള ആ നിൽപ്പു കണ്ടില്ലേ?ഒന്നും കാണാതെ പിണറായി അങ്ങനെ ചെയ്യുമോ?രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. 'കണ്ണിനുള്ളിൽ നീയാണ്... കണ്ണടച്ചാൽ നീയാണ്.' ഇഷ്ടമല്ലെങ്കിലും സതീശൻ അങ്ങനെ പാടിപ്പോകുന്നു.അല്ലെങ്കിലും സതീശന് ജാതകവശാൽ അൽപ്പം മോശം സമയമാണെന്നാണ് അടുപ്പക്കാർ പറയുന്നത്. പിണറായി സർക്കാരിന്റെ കെ- ഫോൺ ഇടപാടിനെതിരെ ഹർജിയുമായി പോയപ്പോൾ ഹൈക്കോടതിയുടെ പരിഹാസം കേൾക്കേണ്ടി വന്നില്ലേ?അത് പൊതുതാത്പര്യ ഹർജിയല്ല, പബ്ലിസിറ്റി ഹർജിയാണത്രെ. പബ്ലിസിറ്റി നേടാൻ കോടതിയിൽ പോകണോ എന്നാണ് സതീശന്റെ ചോദ്യം. മറ്റെന്തെല്ലാം വഴി കിടക്കുന്നു. കൂടുതൽ പറയുന്നില്ല. കോടതിയായിപ്പോയില്ലേ!
അവർ തേങ്ങ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? തൃശൂരിനെ ഇത്തവണ 'അങ്ങ് എടുത്തേ തീരൂ'
എന്ന വാശിയിലാണ് സുരേഷ് ഗോപി. അതിലേക്ക് നരേന്ദ്ര മോദി മുപ്പതു ദിവസത്തിനിടെ രണ്ടുതവണയാണ്
റോഡ് ഷോയും മറ്റും നടത്തി കളം ഉഴുതുമറിച്ചത്. ബി.ജെ,പിക്കാരുടെ 'തൃശൂർ പൂരം' കണ്ട് കോൺഗ്രസിന്റെ സിറ്റിംഗ് എം.പി ടി.എൻ. പ്രതാപനും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നു കരുതുന്ന സി.പി.ഐയിലെ മുൻ മന്ത്രി വി.എസ് സുനിൽകുമാറിനും എങ്ങനെ ഇരിപ്പുറയ്ക്കും?
ആദ്യം പ്രതാപനും തുടർന്ന് വി.എസ്. സുനിൽകുമാറിനും വേണ്ടി തൃശൂരിൽ ചുവരെഴുത്തു തുടങ്ങിയത് അങ്ങനെയാണ്. പൂച്ച കണ്ണടച്ച് പാൽ കുടിക്കുമ്പോലെ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് കക്ഷികൾ! മോദി ഷോ സൃഷ്ടിച്ച ഇളക്കം കണ്ട് അന്ധാളിച്ചു പോയ ടി.എൻ. പ്രതാപൻ ആദ്യം പറഞ്ഞത് തൃശൂരിൽ മത്സരം യു.ഡി.എഫും മോദിയും തമ്മിലാണെന്നാണ്. അപകടം മണത്ത പാർട്ടി നേതാക്കൾ ഗുണദോഷിച്ചു. അവന്മാരെ നമ്മളും പറഞ്ഞ് വലുതാക്കണോ?പണി നമുക്കുതന്നെ തിരിച്ചുകിട്ടില്ലേ? മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന് ഉടൻ പ്രതാപൻ തിരുത്തി.
നുറുങ്ങ്:
പിണറായി സൂര്യനെപ്പോലെയാണെന്നും അടുത്തു പോകുന്നവർ കരിഞ്ഞുപോകുമെന്നുമുള്ള തന്റെ പരാമർശം
വ്യക്തിപൂജയല്ല, യാഥാർത്ഥ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
# സൂര്യതാപമേറ്റ് കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിച്ചാൽ മാഷിനു കൊള്ളാം!
(വിദുരരുടെ ഫോൺ: 99461 08221)