ഇനി പന്ത്രണ്ട് ദിവസത്തെ ചിത്രീകരണം

ss

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ജനുവരി 29ന് കൊച്ചിയിൽ ആരംഭിക്കും. ഇനി പന്ത്രണ്ടു ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. നാലുദിവസം ബംഗളൂരുവിലും ചിത്രീകരണമുണ്ടാകും. ഗൗതം മേനോൻ, ഹക്കിം ഷാ തുടങ്ങിയവരുടെ സീനുകളാണ് ഇനി ചിത്രീകരിക്കുക. ഇതോടെ ചിത്രീകരണം പാക്കപ്പ് ആകും. മേയ് റിലീസായാണ് ബസൂക്ക ഒരുങ്ങുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ബസൂക്കയിലൂടെ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വൻ താരനിരയാണ് അണിനിരക്കുന്നത്. ഈശ്വര്യ മേനോൻ, ദിവ്യപിള്ള, ബാബു ആന്റണി, സുമിത് നേവൽ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്ര് പ്രധാന താരങ്ങൾ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് മിഥുൻ മുകുന്ദൻ ആണ് സംഗീത സംവിധാനം . സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ടർബോ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത മാസം ടർബോയും പാക്കപ്പ് ആകും.