kb-ganeshkumar

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ചെലവ് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആവർത്തിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ആർക്കെങ്കിലും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ലെന്ന് താൻ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


പത്ത് രൂപ ടിക്കറ്റ് യാത്ര തുടരില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ആളുകൾ ബസിൽ കയറാൻ വേണ്ടിയാണ് ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കിയതെന്നാണ് എം ഡി പറയുന്നത്. എന്നാൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ വന്ദേഭാരത് എക്‌സ്‌പ്രസിൽ ആളുകൾ കയറുന്നതെന്ന് അദ്ദേഹം ചോദിച്ചു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇലക്ട്രിക് ബസ് വേണ്ടെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്നും ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപയോഗിച്ചതിന് തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേസ് എന്നിവയ്‌ക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കും. കെ എസ് ആർ ടി സി അഡ്മിനിസ്‌ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.