
കൊല്ലം: വീട്ടിന്റെ മതിലിൽ വച്ചിരുന്ന ചെടി ചട്ടിയോടെ അടിച്ചുമാറ്റി ദമ്പതികൾ. കൊല്ലം മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപമാണ് സംഭവം. സിബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ മതിലിന് മുകളിൽ വച്ചിരുന്ന ചെടിയാണ് ചട്ടിയോട് കൂടി മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇരുചക്രത്തിലെത്തിയാണ് കവർച്ച നടത്തിയത്. നിറയെ പൂക്കളുള്ള ചെടിച്ചട്ടി ബെെക്കിലെത്തി എടുത്തുകൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. ബെെക്കിലെത്തിയ യുവാവിനും യുവതിയ്ക്കുമൊപ്പം ഒരു കെെക്കുഞ്ഞുമുണ്ടായിരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ചുവന്ന ചുരിദാറാണ് യുവതി ധരിച്ചിരുന്നത്.
സ്കൂട്ടറിൽ റോഡിന് മറുവശത്ത് വന്ന സംഘം പിന്നീട് പതിയെ വാഹനം തിരിച്ച് മതിലിനടുത്ത് എത്തുന്നതും ഞൊടിയിടയിൽ പൂക്കളുള്ള ബോഗൻവില്ല ചെടി ചട്ടിയോടെ കെെകലാക്കി തിരികെ പോകുന്നതും വീഡിയോയിൽ ഉണ്ട്. ഇതിന് മുൻപും നഹാസിന്റെ വീട്ടിൽ നിന്ന് ചെടികൾ മോഷണം പോയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോഷണം തടയാൻ വീടിന് ചുറ്റും സിസിടിവി സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കുടുംബത്തോടെ വന്ന് ചെടി മോഷ്ടിച്ചത്.