army

ശ്രീനഗർ: ജമ്മു കാശ്‌‌മീരിലെ രജൗരിയിൽ നൗഷേര സെക്ടറിലുണ്ടായ കുഴിബോബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അഗ്നിവീർ അജയ് സിംഗാണ് വീരമൃത്യു വരിച്ചത്.

ഇന്നലെ രാവിലെ 10.30 ഓടെ നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിംഗിനിടെ സൈനികരിൽ ഒരാൾ അബദ്ധത്തിൽ ബോംബിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ജവാൻമാരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉദ്ധംപ്പൂരിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ് ബലാകോട്ട്, മെന്ദാർ മേഖലകളിൽ കാട്ടുതീയുണ്ടായതിനെ തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം നിരവധി കുഴിബോംബുകൾ പൊട്ടിത്തെറിച്ചിരുന്നു.

അതേ സമയം,​ രജൗരി, പൂഞ്ച് മേഖലയിൽ സൈന്യത്തിന് നേരെയുള്ള ഭീകരാക്രമണം വർദ്ധിക്കുന്നതിലുള്ള ആശങ്ക കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ,​ പൂഞ്ചിലെ ദേരാ കി ഗലിയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.