
പാലക്കാട്: രാമശ്ശേരി ശിവക്ഷേത്രത്തിൽ കഴിഞ്ഞ മാസം രാത്രി ക്ഷേത്ര ഭണ്ഡാരവും തൂക്ക് വിളക്ക് എന്നിവ കളവ് ചെയ്ത കേസിൽ അന്തിയൂർ ഉദുമൽപേട്ട സ്വദേശിയായ രാജിനെ(കടവുൾ രാജ്-58) കസബ പൊലീസ് പിടികൂടി. 2019-ൽ സമാന രീതിയിൽ കുഴൽമന്ദം ഭാഗങ്ങളിൽ കളവ് നടത്തിയ കേസിൽ പിടിക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ കേരളത്തും തമിഴ്നാട്ടിലും നിരവധി കളവ് ചെയ്തിട്ടുണ്ട്. ട്രെയിനിൽ രാത്രി കേരളത്തിലേക്ക് വരുകയും കളവിന് ശേഷം വീണ്ടും തമിഴ്നാട് തിരിച്ച് പോവുകയും ചെയ്യുകയാണ് രീതി. സ്ഥിരമായി എവിടെയും നിൽക്കാറില്ല. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അമ്പലങ്ങൾ, കടകൾ എന്നിവ കണ്ടു വച്ച് കളവ് നടത്തുന്നതാണ് രീതി. ദിവസങ്ങളോളം തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ചെറിയ അമ്പലങ്ങൾ തിരഞ്ഞ് പിടിച്ച് കളവ് നടത്തുന്നയാളാണ് കടവുൾ രാജ്. കൂടുതലും പരാതികൾ വരാതെ പോവും എന്നതാണ് ചെറിയ ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാൻ കാരണം. നൂറിലധികം കേസുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ്, എ.എസ്.പി അശ്വതി ജിജി എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്‌പെക്ടർ രാജീവ്, എസ്.ഐ ഹർഷാദ്.എച്ച്, എ.എസ്.ഐ രാജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്.ആർ, സെന്തിൾ കുമാർ, പ്രഷോഭ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.