കണ്ണൂർ: കണ്ണൂർ ഫോർട്ട് റോഡിലെ പ്ലാറ്റിനം സെന്ററിലെ മരുന്ന് മൊത്തവ്യാപാര സ്ഥാപനത്തിൽ കവർച്ച. സ്ഥാപനത്തിന്റെ പിൻഭാഗത്ത് സ്ഥാപിച്ച വെന്റിലേറ്റർ ഇളക്കിയെടുത്താണ് മോഷ്ടാക്കൾ അകത്തുകടന്ന് പണം കവർന്നത്. ദി കാനനൂർ ഡ്രഗ് സെന്ററിൽ നിന്ന് 1,84,000 രൂപയാണ് കവർന്നത്. സ്ഥാപന ഉടമ രഞ്ജിത്ത് സഹദേവൻ ടൗൺ പൊലീസിൽ പരാതി നൽകി. സ്ഥാപനത്തിന്റെ പിറക് വശത്തെ വെന്റിലേറ്റർ ഇളക്കിമാറ്റി തള്ളി നിലത്തിട്ട് അകത്ത് കയറിയാണ് മോഷണം നടത്തിയത്. ഓഫീസിലെ മേശവലിപ്പ് തകർത്താണ് അതിനുള്ളിൽ സൂക്ഷിച്ച പണം കവർന്നത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പൂട്ടിയ സ്ഥാപനം ഇന്നലെ രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ചൊവ്വാഴ്ചത്തെ കളക്ഷൻ തുകയാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്നത്.
ടൗൺ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ച നിരീക്ഷണത്തിന് ശേഷം
സ്ഥാപനത്തിന്റെ മുൻവശത്ത് മാത്രമേ സി.സി.ടി.വി ഉണ്ടായിരുന്നുള്ളൂ. ഈ സൗകര്യമാണ് മോഷ്ടാക്കൾ മുതലെടുത്തത്. സ്ഥാപനത്തിന്റെ പിറക് ഭാഗത്ത് നിന്ന് മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സ്‌ക്രൂ ഡ്രൈവറും ഉളിയും കണ്ടെത്തി.