crime

മുംബയ്: യുവതിയെ കാമുകൻ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിട്ടും മൃതദേഹം എവിടെയെന്ന് അറിയില്ല. ഒടുവിൽ

34 ദിവസത്തിനു ശേഷം കണ്ടെത്തി. ഒരു കോഡ് ഭാഷയിലൂടെ. നവി മുംബയിലാണ് സംഭവം. കാലംബോലി സ്വദേശി വൈഷ്ണവി ബാബറിന്റെ (19) മൃതദേഹമാണ് കണ്ടെടുത്തത്.

ഒരു മാസം മുമ്പാണ് യുവതിയെ കാണാതായത്. വൈഭവ് ബറുംഗല(24) എന്ന സുഹൃത്താണ് യുവതിയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

ഇയാൾ പെൺകുട്ടിയെ കാണാതായ അന്ന് തന്നെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയുടെ മൃതദേഹത്തിനടുത്തെത്തിച്ചത്.

ഡാറ്റാ സയൻസ് വിദ്യാർത്ഥിനിയായിരുന്ന വൈഷ്ണവിയെ ഡിസംബർ 12നാണ് കാണാതാകുന്നത്. രാവിലെ കോളേജിലേക്ക് പോയ വൈഷ്ണവി തിരിച്ചെത്തിയില്ലെന്ന് കുടുംബം പരാതി നൽകി. പൊലീസും ക്രൈംബ്രാഞ്ചിന്റെ 'മനുഷ്യക്കടത്ത് വിരുദ്ധ' യൂണിറ്റും അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളും വൈഷ്ണവിയുടെ മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നു നിന്നത് കാമുകനായ വൈഭവിൽ. കാണാതായ ദിവസം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഖർഗർ കുന്നുകളിൽ ഇവർ ഉണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് 12ന് തന്നെ വൈഭവും ജീവനൊടുക്കിയതായി പൊലീസ് കണ്ടെത്തി. ഈ സംഭവത്തിൽ വാഷി റെയിൽവേ പോലീസ് കേസെടുത്തിരുന്നു. വൈഭവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്നും ഇതേത്തുടർന്ന് അവളെ കഴുത്തു ഞെരിച്ച് കൊന്നെന്നും കുറിപ്പിലുണ്ടായിരുന്നു. ഖർഗർ കുന്നുകളിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ മൃതദേഹം എവിടെയെന്ന് കണ്ടെത്താനായില്ല. തുടർന്നാണ് കുറിപ്പിലുണ്ടായിരുന്ന ഒരു കോഡ് ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. 'LOI-501' എന്നായിരുന്നു ആ കോഡ്. ഈ രഹസ്യകോഡ് വനംവകുപ്പ് മരങ്ങളിൽ രേഖപ്പെടുത്തുന്ന നമ്പരാണെന്ന് വ്യക്തമായതോടെ ഖർഗർ കുന്നുകൾ കേന്ദ്രീകരിച്ച് പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ജനുവരി ആറ് മുതൽ ദിവസങ്ങളോളം മേഖലയിൽ തെരച്ചിൽ നടന്നു. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരുന്നു പരിശോധന. തെരച്ചിലിനായി ഡ്രോണുകളും ഉപയോഗിച്ചു. ഒടുവിൽ ജനുവരി 16ന് 'രഹസ്യകോഡി'ലെ നമ്പറുള്ള മരം കണ്ടെത്തി. ഈ മരത്തിന് സമീപം അഴുകിയനിലയിൽ യുവതിയുടെ മൃതദേഹവും കണ്ടെത്തി. വസ്ത്രവും ഐ.ഡി. കാർഡും വാച്ചും കണ്ടാണ് കൊല്ലപ്പെട്ടത് വൈഷ്ണവിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.