
കൊല്ലം: ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി പന്മന ചിറ്റൂർ മുറി, രാജു ഭവനിൽ കൊച്ചനി എന്ന അനിൽ കുമാറിനെ (42) ആണ് കാപ്പ നിയമം ചുമത്തി സിറ്റി പൊലീസ് ജില്ലയിൽ നിന്ന് ആറുമാസ കാലയളവിലേക്ക് പുറത്താക്കിയത്.
ഇയാൾ 2002 മുതൽ ജില്ലയിൽ ചവറ, തെക്കുംഭാഗം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെട്ട സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, ഭീഷണിപ്പെടുത്തൽ, മോഷണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആറ് ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
സിറ്റി പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി ആണ് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്.
നിരോധന ഉത്തരവ് ലംഘിച്ച് ഇയാൾ സിറ്റി പൊലീസ് ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0474-2742042, 0474-2742265, 9497947129 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.