ayodhya

അയോദ്ധ്യ: നാല് ദിവസങ്ങള്‍ക്കപ്പുറം അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ അയോദ്ധ്യയിലേക്ക് ഒഴുകുകയാണ്. പഴുതടച്ച വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. പ്രായശ്ചിത്ത് പൂജ അഥവാ പ്രായശ്ചിത്ത പൂജയാണ് പ്രതിഷ്ഠയക്ക് മുമ്പുള്ള പ്രധാനപ്പെട്ട ചടങ്ങ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കേട്ട് വരുന്ന ഈ വാക്ക് പലര്‍ക്കും വിവിധ സംശയങ്ങളുണ്ടാക്കുന്നുണ്ട്. എന്താണ് ഈ പ്രായശ്ചിത്ത പൂജ, എന്തിനാണ് ഇത് അയോദ്ധ്യയില്‍ നടത്തുന്നത്. പേര് സൂചിപ്പിക്കുന്നതുമായി ഈ പൂജയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ തുടങ്ങിയവയാണ് ആളുകളുടെ സംശയങ്ങള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ് പ്രായശ്ചിത്ത പൂജ?. ഏതൊരു ക്ഷേത്രത്തിലും പ്രതിഷ്ഠക്ക് മുന്‍പ് പ്രായശ്ചിത് അഥവാ പ്രായശ്ചിത്ത പൂജ നടത്തേണ്ടത് അനിവാര്യമാണെന്ന് പൗരാണികര്‍ പറയുന്നു. പ്രതിഷ്ഠാ ദിനത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യുന്നു എന്നാണ് ഈ പൂജയിലൂടെ ഉദ്ദേശിക്കുന്നത്.

ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചെയ്യുന്ന വ്യക്തിയാണ് പ്രായശ്ചിത്ത പൂജ ചെയ്യുക. പ്രായശ്ചിത്ത പൂജയില്‍ ആചാരപരമായ രക്ഷാധികാരി പഞ്ചദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചേരുവകള്‍ കൊണ്ട് കുളിക്കുന്നു. 121 ബ്രാഹ്മണരാണ് അയോദ്ധ്യയില്‍ എത്തി ഈ പൂജ ചെയ്യുന്നത്.

ഏകദേശം രണ്ട് മണിക്കൂര്‍ പ്രായശ്ചിത്ത പൂജ നടത്തപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. പൂജ കഴിഞ്ഞ് പാപപരിഹാരത്തിനായി വിഷ്ണുപൂജയും നടത്തുന്നു. ജനുവരി 16ന് ആണ് അയോദ്ധ്യയില്‍ പ്രായശ്ചിത്ത പൂജ നടത്തിയത്.

അയോദ്ധ്യയില്‍ തുടര്‍ന്ന് 'നവഗ്രഹം' സ്ഥാപിക്കുകയും 'ഹവന്‍ സ്ഥാപിക്കുകയും ചെയ്യും. ജനുവരി 20 ന് രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സരയൂജലം കൊണ്ട് കഴുകും, അതിനുശേഷം വാസ്തുശാന്തിയും 'അന്നാധിവാസ' ചടങ്ങുകളും നടക്കും. ജനുവരി 21 ന് രാം ലല്ല വിഗ്രഹം 125 കലശങ്ങളില്‍ സ്നാനം ചെയ്യിപ്പിക്കും. 22 ന് ഉച്ചയ്ക്ക് 12:30 മുതല്‍ 1 മണി വരെ 'പ്രാണ പ്രതിഷ്ഠ' ചടങ്ങും രാം ലല്ലയുടെ പ്രതിഷ്ഠയും നടക്കും. ഇതാണ് ഇനിയുള്ള ദിവസങ്ങളില്‍ നടക്കേണ്ട അയോദ്ധ്യയിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍.