pic

യെമൻ: യെമനിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടത്തി യു.എസ്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ 14 മിസൈലുകൾ നശിപ്പിച്ചെന്ന് യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ അറിയിച്ചു. യു.എസ് നേവി യുദ്ധക്കപ്പലുകളിൽ നിന്ന് വിക്ഷേപിച്ച ടോമഹോക്ക് മിസൈലുകളിലൂടെയായിരുന്നു ആക്രമണം. ഇത് നാലാം തവണയാണ് യു.എസ് യെമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കുന്നത്. ചെങ്കടലിൽ യു.എസിന്റെയടക്കം കപ്പലുകൾക്ക് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. ബുധനാഴ്ച രാത്രി യു.എസ് ഉടമസ്ഥതയിലുള്ള എം.വി ജെൻകോ പിക്കാർഡി എന്ന ചരക്കു കപ്പലിൽ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് തിരിച്ചടിച്ചത്. അതേസമയം, ഹൂതികളെ യു.എസ് 'ആഗോള ഭീകര' പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തി. ബൈഡൻ ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ 2021ൽ ഹൂതികളെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു.