d

കൊച്ചി : മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും ആർഷോ ആരോപിച്ചു. പരിശീലനം ലഭിച്ച് ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത് ആക്രമണത്തിനായി ഫ്രറ്റേണിറ്റി,​ കെ.എസ്.യു സഖ്യം പ്രവർത്തിക്കുന്നെന്നും ആർഷോ പറഞ്ഞു.

ആക്രമണത്തിനെതിരെ വിദ്യാർത്ഥി പ്രതിരോധം ഉണ്ടാകും. മുഴുവൻ കാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഷോ വ്യക്തമാക്കി. വലിയ പ്രകോപനമാണ് കുറച്ചുദിവസമായി ക്യാമ്പസിൽ ഉണ്ടായത്. പോപ്പുലർ ഫ്രണ്ട്,​ ക്യാമ്പസ് ഫ്രണ്ട് പ്രവർ‌ത്തകർ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവർക്ക് കുടപിടിക്കുകയാണ് കെ.എസ്.യു ചെയ്തു കൊണ്ടിരിക്കുന്നതെന്നും ആർഷോ കുറ്റപ്പെടുത്തി. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായത്. സ്വാഭാവികമായ പ്രതികരണമാണ് ഉണ്ടായതെന്നും ആർഷോ പറഞ്ഞു.

അതേസമയം പൊലീസിന്റെ കെടുകാര്യസ്ഥതയാണ് അക്രമത്തിന് കാരണമെന്നും എസ്.എഫ്.ഐ ആക്രമിച്ച വിദ്യാർത്ഥികൾ തിരിച്ചടിച്ചതാകുമെന്നും കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നെന്നും പൊലീസും കോളേജും നിഷ്ക്രിയരാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റും പ്രതികരിച്ചു.