തിരുവനന്തപുരം: വൈകാരികമായ മുഹൂർത്തങ്ങൾക്കാണ് സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. 32 വർഷം മുമ്പ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽനിന്ന് സ്വീഡനിലേക്ക് ദത്ത് പോയ ‘മായ’ എന്ന മൂന്നുവയസുകാരി കരോളിനയായി മാറി തന്റെ വളർത്തമ്മമാരെ കാണാനെത്തിയ മുഹൂർത്തമായിരുന്നു അത്. വളർത്തമ്മമാരായ ജയകുമാരിയും, ശാന്തമ്മയും, ഗിരിജാ ദേവിയുമൊക്കെ പ്രായാധിക്യമെല്ലാം മറന്ന് കരോളിനയെ വാരിപ്പുണർന്നപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു.

1991ൽ ശിശുക്ഷേമ സമിതിയിൽനിന്ന് മായയെ സ്വീഡനിലെ സർക്കാർ ടെക്നിഷൻ സവൻ ഒലോഫ് ജോൺസനും ഭാര്യ ക്രിസ്റ്റിന അസ്ബർഗും ദത്തെടുക്കുകയായിരുന്നു. കരോളിന അസ്ബർഗ് എന്ന് പുതിയ പേരും നൽകി. ഇപ്പോൾ 35 വയസുള്ള കരോളിന സ്വീഡിഷ് പബ്ലിക്ക് എംപ്ലോയ്മെന്റ് സർവീസിൽ സ്പെഷ്യൽ കേസ് ഹോൾഡറാണ്. സർക്കാർ ടെക്നീഷനായ ഭർത്താവ് പാട്രിക്കിനൊപ്പമാണ് കരോളിന എത്തിയത്.

കരോളിനയുടെ സഹോദരി സോഫിയ സ്നേഹ ജോൺസനെയും 1994ൽ ബംഗ്ലൂരിൽനിന്ന് ക്രിസ്റ്റിന ദമ്പതികൾ ദത്തെടുത്തതാണ്. സമയക്കുറവ് കാരണം സോഫിയ ഇന്ത്യയിലേക്ക് വന്നില്ല. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി, വൈസ്

പ്രസിഡന്റ് പി. സുമേശൻ, ജോയിന്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ. ജയപാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവർ ചേർന്ന് കരോളിന ദമ്പതികളെ സ്വീകരിച്ചു. കരോളിനയും ഭർത്താവും അടുത്തയാഴ്ച സ്വീഡനിലേക്ക് മടങ്ങും.