
കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങിയത് നിലത്ത് യോഗമാറ്റ് വിരിച്ച്. കഴിച്ചത് കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നത്.
ഡ്രാഗൺ, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് പഴങ്ങളാണ് അദ്ദേഹത്തിന് നൽകിയതെന്ന് ഗസ്റ്റ് ഹൗസ് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളമാണ് നൽകിയത്.
പ്രധാനമന്ത്രിക്ക് വേണ്ടി കിംഗ് സൈസ് ബെഡ് തയാറാക്കിയെങ്കിലും നിലത്ത് വുഡൻ ഫ്‌ളോറിൽ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളിൽ ബെഡ് ഷീറ്റും വിരിച്ചാണ് കിടന്നത്. കേരള സന്ദർശനത്തിന് 16ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിൽ എത്തിയത്. പിറ്റേദിവസം പുലർച്ചെ 4.30ന് ഉണർന്ന് ചൂടുവെള്ളം കുടിച്ചശേഷം യോഗ ചെയ്തു.
എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും എസ്.പി.ജി ഉദ്യോഗസ്ഥരും 40 മുറികളിലായി താമസിച്ചു. രണ്ടാം തവണയാണ് നരേന്ദ്രമോദി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്നത്. 2019ലാണ് പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിൽ മുമ്പ് താമസിച്ചത്