
അഹമ്മദാബാദ്: ഗുജറാത്തിൽ ബോട്ടപകടത്തിൽ 14 വിദ്യാർത്ഥികൾക്കും 2 അദ്ധ്യാപകർക്കും ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് 4.30ന് ശേഷം വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 23 വിദ്യാർത്ഥികളും 4 അദ്ധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴോളം കുട്ടികളെ രക്ഷിച്ചെന്നാണ് സൂചന.
ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിൽ നിന്ന് വിനോദ യാത്ര പുറപ്പെട്ട വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
പരിധിയിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം സഹായം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.