
തുമ്പ : ആഭ്യന്തര ക്രിക്കറ്റിലെ കരുത്തന്മാരായ മുംബയ്ക്ക് എതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിന് ഇന്ന് തുമ്പ കെ.സി.എ സെന്റ് സേവ്യേഴ്സ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും. മുൻ ഇന്ത്യൻ ടെസ്റ്റ് നായകൻ അജിങ്ക്യ രഹാനെയാണ് മുംബയ്‌യെ നയിക്കുന്നത്. സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. രാവിലെ ഒൻപതിനാണ് മത്സരം തുടങ്ങുന്നത്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയ ശിവം ദുബെയും മുൻ ഇന്ത്യൻ താരം ധവാൽ കുൽക്കർണിയും ഉൾപ്പടെയുള്ള പ്രമുഖർ അടങ്ങുന്നതാണ് മുംബയ് ടീം.സഞ്ജുവും ദുബെയും അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയ്ക്ക് ശേഷം ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇരു ടീമുകളും ഇന്നലെ തുമ്പ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയി
രുന്നു. സച്ചിൻ ബേബി. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്.ബേസിൽ തമ്പി തുടങ്ങിയവരാണ് കേരളത്തിന്റെ മറ്റ് തുറുപ്പുചീട്ടുകൾ. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങേണ്ടിവന്ന കേരളം ബി ഗ്രൂപ്പിൽ നാലുപോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ആലപ്പുഴയിൽ നടന്ന ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങേണ്ടിവന്നു. ഗോഹട്ടിയിൽ അസാമിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ മൂന്ന് പോയിന്റ് ലഭിച്ചു. അതേസമയം മുംബയ് കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ബോണസ് പോയിന്റോടെ ജയിച്ചവരാണ്. 14 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മുംബയ്.