
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 വിദ്യാർത്ഥികൾക്കും 2 അദ്ധ്യാപകർക്കും ദാരുണാന്ത്യം. നിരവധി പേരെ കാണാതായി. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്ര ചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്. തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുൾപ്പെടെ സ്ഥലത്തുണ്ട്. രക്ഷപെടുത്തിയ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.
ന്യൂ സൺ റൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഏഴുകുട്ടികളെ രക്ഷപ്പെടുത്തിയതായി ഫയർഫോഴ്‌സ് അറിയിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.