
ഇൻഡോർ : ഇൻഡോറിൽ നടന്ന ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പ്രണതി പി നായർക്ക് വെങ്കലം ലഭിച്ചു. അസാമിന്റെ പ്രാചി മജുംദാറിനെ 3-1ന് തോൽപ്പിച്ചാണ് പ്രണതി മെഡൽ നേടിയത്. ടൂർണമെന്റിന്റെ അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ അനോഘ് ജി നായരും ക്വാർട്ടറിലെത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ക്രിസ്റ്റിയാണ് കേരള ടീമിന്റെ കോച്ച്.
അടുത്തിടെ നടന്ന സ്റ്റേറ്റ് സീനിയർ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയ പ്രണതി തിരുവനന്തപുരം ചിൻമയാ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ്. എക്സിറ്റോ ടേബിൾ ടെന്നീസ് അക്കാഡമിയിൽ മുൻ താരം രഞ്ജിത്ത് ബെന്നിക്ക് കീഴിൽ പരിശീലനം നടത്തുന്നുണ്ട്.