railway

ലഖ്‌നൗ: ട്രെയിനിന് ഉള്ളില്‍ വെച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച ടിടിഇക്ക് സസ്‌പെന്‍ഷന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തലത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ബറൗണി-ലക്‌നൗ എക്‌സ്പ്രസ് ട്രെയ്‌നിലാണ് സംഭവം നടന്നത്.

സീറ്റിലിരിക്കുന്ന യാത്രക്കാരനെ ടിടിഇ ആവര്‍ത്തിച്ച് തല്ലുന്നത് സഹയാത്രികരില്‍ ഒരാളാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് എക്സില്‍ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നു. ടിടിഇയോട് മര്‍ദ്ദനത്തിന്റെ കാരണം യാത്രക്കാരന്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം, വീഡിയോ ശ്രദ്ധയില്‍പ്പട്ടെന്നും ബന്ധപ്പെട്ട ടിടിഇയെ കോമ്പീറ്റന്റ് അതോറിറ്റി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലഖ്‌നൗ ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) അറിയിച്ചിരുന്നു.