arrest

മ്യൂണിക്ക്: ഹോളിവുഡ് നടനും മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സുമായ അര്‍ണോള്‍ഡ് ഷ്വാസ്‌നേഗര്‍ അടുത്തിടെ ജര്‍മനിയില്‍ കസ്റ്റഡിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നടന്റെ വക്താവാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പൊലീസിന് സംഭവിച്ച അബദ്ധങ്ങളുടെ പരമ്പരയാണ് സംഭവത്തിന് പിന്നിലെന്നും കുറിപ്പില്‍ പറയുന്നു. അര്‍ണോള്‍ഡ് ധരിച്ചിരുന്ന ഒരു ആഡംബര വാച്ച് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മൂന്ന് മണിക്കൂറോളം മ്യൂണിക്ക് വിമാനത്താവളത്തില്‍ അദ്ദേഹം കസ്റ്റഡിയിലായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഡംബര വാച്ച് സംബന്ധിച്ച വിവരം അറിയിക്കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ളില്‍ മാത്രം വില്‍പ്പന നടത്താന്‍ അനുമതിയുള്ള വാച്ചായിരുന്നു താരത്തിന്റെ കൈയിലുണ്ടായിരുന്നത്.

യൂറോപ്യന്‍ യൂണിയന്‍ നിയമാവലി അനുസരിച്ച് പതിനായരം യൂറോയില്‍ അധികം പണമായിട്ടോ വിലയുള്ള സാധനങ്ങളോ സൂക്ഷിക്കുകയാണെങ്കില്‍ അക്കാര്യം സൂചിപ്പിച്ച് അധികൃതര്‍ക്ക് സാക്ഷിപത്രം നല്‍കേണ്ടതുണ്ട് എന്നാല്‍ താരം അത് ചെയ്തിരുന്നില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കാനായി അര്‍ണോള്‍ഡിനോട് ആരും ആവശ്യപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്.

ഒടുവില്‍ വാച്ചിന് നികുതി ഒടുക്കിയ ശേഷമാണ് അര്‍ണോള്‍ഡ് മടങ്ങിയത്. എന്നാല്‍ ഈ സംഭവവികാസങ്ങളോടും പൊലീസിന്റെ നടപടികളോടും വളരെ സൗമ്യമായിട്ടാണ് അര്‍ണോള്‍ഡ് സഹകരിച്ചതെന്നും കുറിപ്പില്‍ പറയുന്നു.