indigo-airlines

പാട്‌ന: കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നിരവധി തവണ വന്നിരുന്നു. ഇപ്പോഴിതാ ബുധനാഴ്ച വീണ്ടും ഇന്‍ഡിഗോയുടെ വിമാനം മൂന്ന് മണിക്കൂര്‍ വൈകി.

ടേക്കോഫിന് തയ്യാറായി ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എടുക്കാനൊരുങ്ങിയ വിമാനമാണ് വൈകിയത്. ബിഹാറിലെ പാട്‌നയില്‍ നിന്ന് മഹാരാഷ്ട്രയിലെ പൂനെയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് വൈകിയത്.

ടേക്കോഫിന് മിനിറ്റുകള്‍ മുമ്പ് മുത്തശ്ശി മരിച്ച വിവരം പൈലറ്റ് അറിഞ്ഞതാണ് വിമാനം വൈകാനുള്ള കാരണം. മുത്തശ്ശിയുടെ മരണവാര്‍ത്തയില്‍ പൈലറ്റ് നിരാശനാണെന്ന് മനസ്സിലാക്കിയതോടെ വിമാനം പറത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

തുടര്‍ന്ന് മറ്റൊരു ക്രൂ ആണ് വിമാനത്തിന്റെ ഡ്യൂട്ടി ഏറ്റെടുത്തത്. അപ്പോഴേക്കും പക്ഷേ മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായ ഒരു കുറിപ്പും വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.