
ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ അവസാനമായി കളിച്ച ട്വന്റി-20 മത്സരമായിരുന്നു ബംഗളുരുവിൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ നടന്നത്. അഫ്ഗാനുമായുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം. ആദ്യ രണ്ട് കളികളിലും ജയിച്ചതിനാൽ ഇന്ത്യയ്ക്ക് ഇത് നിർണായമായിരുന്നില്ല. എന്നാൽ പരമ്പരയിലെ ഏറ്റവും ആവേശകരമായ കളി ബംഗളുരുവിലേതായിരുന്നു. രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിലാണ് അഫ്ഗാനിസ്ഥാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി യത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടേയും ( പുറത്താകാതെ 69 പന്തിൽ 121), അർദ്ധ സെഞ്ച്വറി നേടിയ റിങ്കു സിംഗിന്റെയും (പുറത്താകാതെ 39 പന്തിൽ 69) ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ ഗുർബാസിന്റെയും (50), ക്യാപ്ടൻ ഇബ്രാഹിം സദ്രാന്റെയും (50), ഗുലാബ്‌ദിൻ നയിബിന്റെയും (പുറത്താകാതെ 55) അർദ്ധ സെഞ്ച്വറികളുടേയും മുഹമ്മദ് നബിയുടെ (16 പന്തിൽ 34) വെടിക്കെട്ടിന്റെയും പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലെത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാൻ ഒരുവിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. ഇന്ത്യയും നേടിയത് 16 റൺസ്. മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക്. രോഹിത് ശർമ്മ അടിച്ച സിക്സിന്റെയും ഫോറിന്റെയും പിൻബലത്തിൽ ഇന്ത്യ 11 റൺസ് നേടി. തുടർന്ന് സൂപ്പർ ഓവർ എറിഞ്ഞ രവി ബിഷ്ണോയി ആദ്യപന്തിൽ നബിയേയും (0) മൂന്നാം പന്തിൽ ഗുർബാസിനേയും (0) റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
196
അഞ്ചാം വിക്കറ്റിൽ രോഹിതും റിങ്കുവും 95 പന്തിൽ പുറത്താകാതെ നേടിയത് ട്വന്റി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
36
അവസാന ഓവറിൽ ഇന്ത്യ 36 റൺസ് നേടി.ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവർ എന്ന റെക്കാഡിനൊപ്പം.
1
രണ്ട് സൂപ്പർ ഓവറുകൾ പിറന്ന ആദ്യ അന്താരാഷ്ട്ര മത്സരം.
5
രോഹിത് ശർമ്മ ട്വന്റി-20യിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടിയ താരം
42
രോഹിത് ശർമ്മ ട്വന്റി-20യിൽ ഏറ്രവും കൂടുതൽ ജയം നൽകിയ ക്യാപ്ടൻ