
പ്രപഞ്ചത്തിൽ ജീവനുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണോ എന്ന ചോദ്യം ഏവരുടെയും മനസിലുള്ള ഒന്നാണ്. ഭൂമിയെ പോലുള്ള മറ്റ് ഗ്രഹങ്ങളുണ്ടോ എന്നും അവിടെ മനുഷ്യരെ പോലെയുള്ളവരാകുമോ എന്നുമൊക്കെയുള്ള ചർച്ചകൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടി ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾ തുടരുകയാണ്.
ഇതിനിടെ അന്യഗ്രഹജീവികളെയും അവരുടെ പേടകങ്ങളെയുമൊക്കെ പറ്റിയുള്ള സാങ്കല്പിക കഥകൾക്കും ഒട്ടുംകുറവില്ല. അത്തരത്തിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിളങ്ങുന്ന പിങ്ക് നിറത്തിലെ, പറക്കുംതളികകൾ എന്ന് കരുതുന്ന അജ്ഞാത ആകാശ വസ്തുക്കളുടെ വീഡിയോയാണത്. വിമാനത്തോടൊപ്പം വേഗത്തിൽ സഞ്ചരിക്കുന്ന ഇവയുടെ ദൃശ്യങ്ങൾ വിസ് എയറിലെ ഫ്ലൈറ്റ് അറ്റൻഡന്റ് ആയ ബ്രിട്ടീഷ് യുവതി ആണ് പുറത്തുവിട്ടത്. ഇംഗ്ലണ്ടിലെ ലൂട്ടണിൽ നിന്ന് പോളണ്ടിലെ സിസ്മെനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിങ്ക് നിറത്തിലെ ഗോളങ്ങൾ പോലെയുള്ള രൂപങ്ങൾ ആകാശത്ത് ദൃശ്യമായത്.
വീഡിയോ വിമാനത്തിലെ പൈലറ്റിനെയടക്കം കാണിച്ചെങ്കിലും പിങ്ക് നിറത്തിലുള്ളത് എന്താണെന്ന് ആർക്കും പറയാനാകുന്നില്ലെന്നും യുവതി പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ കൃത്രിമമാണെന്നും പിങ്ക് നിറം വിമാനത്തിലെ ഏതെങ്കിലും വസ്തുവിന്റെ പ്രതിബിംബം ആകാമെന്നുമൊക്കെ കാട്ടി നിരവധി പേർ രംഗത്തെത്തി.