
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ രണ്ടര വർഷമായി അടുപ്പമില്ലെന്നും, തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള അകലം തങ്ങൾക്കിടയിലുണ്ടെന്നും മുൻ മന്ത്രി ജി.സുധാകരൻ സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
പണ്ടുണ്ടായിരുന്നത് നല്ല ബന്ധമായിരുന്നു. തന്നെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുമോയെന്ന് അറിയില്ല.പാർലമെന്റിലേക്ക് നല്ല കാലത്ത് താൻ മത്സരിച്ചിട്ടില്ല. മന്ത്രി ആകേണ്ടതില്ല എന്നത് പാർട്ടി തീരുമാനമാണ്. അത് എന്നെങ്കിലും പാർട്ടിക്ക് തിരുത്താം. താൻ പല കാര്യങ്ങളും ചെയ്തത് കൊണ്ടാണ് ജനങ്ങൾ അംഗീകരിക്കുന്നത്. സ്തുതി പാടുന്ന രീതി ഉപയോഗിച്ചിട്ടില്ല.
സ്വർണ്ണക്കടത്ത് കേസിൽ എന്ന പോലെ വീണ വിജയനെതിരായ ആരോപണത്തിലും പിണറായി വിജയനെ അവിശ്വസിക്കുന്നില്ല. പിണറായി പാർട്ടിയെക്കാൾ വലുതായെന്ന അഭിപ്രായം തനിക്കില്ല. ആർക്കും കയറി മുഖ്യമന്ത്രിയാകാൻ കഴിയില്ല. പി.ബി മെമ്പറല്ലാത്ത ഒരാളും കേരളത്തിൽ മുഖ്യമന്ത്രിയായിട്ടില്ല. കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരുന്നത് നല്ല കാര്യമാണ്. ആലപ്പുഴയിൽ താൻ പാർട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമാണ്. ഒരു ലാത്തി അടി പോലും കൊള്ളാത്തവർ ആത്മകഥ എഴുതുകയാണ്. മന്ത്രിമാരടക്കം കഥ എഴുതുന്നു. ജീവിതത്തിൽ ത്യാഗങ്ങളോ അസാമാന്യതയോ ഉണ്ടായാൽ ആത്മകഥ എഴുതാം.