food-delivery

കൊച്ചി: പാഴ്സൽ ഭക്ഷണങ്ങൾക്ക് ലേബലില്ലെങ്കിൽ നിർമ്മാക്കാക്കൾക്ക് പിടിവീഴും. പാഴ്സൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് നിർബന്ധമായും ലേബലുകൾ പതിക്കുന്നത് കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കടകളിൽ വില്പന നടത്തുന്ന പാകം ചെയ്ത പാഴ്സൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

നഗരത്തിൽ നിരവധി ഓൺലൈൻ സംവിധാനങ്ങളും പൊതിച്ചോർ വിതരണ കേന്ദ്രങ്ങളും തട്ടുകടകളും പ്രവർത്തിക്കുന്നതിനാൽ നടപടി ഊ‌ർജിതമായി നടന്നുവരുകയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ ജാഫർ മാലിക്കിന്റെ നിർദ്ദേശപ്രകാരമാണിത്. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ജില്ലയിൽ എല്ലാ മേഖലകളിലും പരിശോധനയും സ്പെഷ്യൽ ഡ്രൈവും ആരംഭിച്ചു.

പാഴ്സൽ ഭക്ഷണം ഉപയോഗക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

പലരും പാഴ്സൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നവരാണ്. ഭക്ഷണം തയാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗക്കേണ്ടതാണ്. ഷവർമ്മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടമാണ്.


പാക്കറ്റ് ഭക്ഷണങ്ങളിലും ലേബൽ നിർബന്ധമാണ്. കടകളിൽ നിന്നും പാഴ്സലായി വിൽക്കുന്ന ഊണ്, ചെറുകടികൾ, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാത്ത പാഴ്സൽ ഭക്ഷണം വില്പന നടത്തുന്നത് നരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ വഴിയും അല്ലാതെയും സമയം വൈകിയുള്ള ഭക്ഷണം ലഭിച്ചാൽ ഉപഭോക്താക്കൾക്ക് 18004251125 എന്ന ടോൾഫ്രീ നമ്പറിൽ പരാതി അറിയിക്കാം.

പാഴ്സൽ ഭക്ഷണത്തിൽ ലേബൽ പതിപ്പിച്ചില്ലെങ്കിൽ കർശന നപടി സ്വീകരിക്കും. ഹിയറിംഗ് കഴിഞ്ഞാണ് പിഴ തീരുമാനിക്കുക- പി.കെ. ജോൺ വിജയകുമാർ, ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്.