
എല്ലാവരുടെയും സ്വപ്നമാണ് മരങ്ങളും പച്ചപ്പും നിറഞ്ഞ വീട്ടുമുറ്റം. എന്നാൽ നമ്മുടെ വീടിനു മുന്നിൽ ഏത് മരം നടണം എന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. ചില മരങ്ങളും ചെടികളും ഗൃഹത്തിൽ വസിക്കുന്നവർക്ക് ദോഷം വരുത്തുമെന്നാണ് വിശ്വാസം. അതുപോലെ വീടിന് ചുറ്റും മരങ്ങൾ നടാൻ അനുയോജ്യമായ സ്ഥാനങ്ങളും വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. സ്വർണം കായ്ക്കുന്ന പൂമരമായാലും വീടിന് സമീപം വയ്ക്കാൻ പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്.
വീടിന് സമീപം പാടില്ലാത്ത വൃക്ഷങ്ങൾ
കാഞ്ഞിരം, ചേര്, വയ്യങ്കത, താന്നി, വേപ്പ്, കള്ളിപ്പാല തുടങ്ങിയവ വീടിന് സമീപം നടുന്നത് നല്ലതല്ല.
വീടിന് സമീപം നടാവുന്നവ
വാഴ, പിച്ചകം, വെറ്റിലക്കൊടി മുതലായവ വീടിന്റെ ഏത് ദിക്കിലും വയ്ക്കാവുന്നവയാണ്. കുമിഴ്, കൂവളം, കടുക്ക, താന്നി, കൊന്ന, നെല്ലി, ദേവതാരം,പ്ലാശ്, അശോകം, ചന്ദനം, പുന്ന,വേങ്ങ, ചെമ്പകം, കരിങ്ങാലി എന്നിവ ഗൃഹപാർശ്വങ്ങളിൽ നടുന്നതുകൊണ്ട് ദോഷമില്ല. പ്ലാവ്, പൂത്തിലഞ്ഞി, പേരാൽ എന്നിവ വീടിന്റെ കിഴക്ക് വശത്തും അത്തി, പുളിമരം എന്നിവ തെക്കുവശത്തും നടാവുന്നതാണ്. വടക്കുവശത്ത് പുന്നയും ഇത്തിയും നാഗമരവും മാവും വയ്ക്കാവുന്നതാണ്. കിഴക്ക് പ്ലാവും വടക്ക് മാവും പടിഞ്ഞാറ് തെങ്ങും നടുന്നത് വളരെ നല്ലതാണ്.
ഗൃഹനിർമാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്തവ
കൃമിദൂഷിത വൃക്ഷങ്ങൾ, മുള്ളുള്ള വൃക്ഷങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. വഴിയിലും ശ്മശാനത്തിലും നിൽക്കുന്ന വൃക്ഷങ്ങളും സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ വീണതും തീപിടിച്ചതും ആനകുത്തിയതോ ഇടിമിന്നലേറ്റതോ ആയവൃക്ഷവും ഉപയോഗിക്കാൻ പാടുള്ളതല്ല. ദേവാലയത്തിലോ നദീസംഗമത്തിലോ ഉള്ള വൃക്ഷവും ഗൃഹനിർമാണത്തിന് ഉചിതമല്ല.
കുടകപ്പാല,പ്ലാശ്, പാച്ചോറ്റി, കൂവളം, കടമ്പ്, നെന്മേനി വാക, മലയകത്തി, മുരിക്ക്, കടുക്ക, താന്നി, നെല്ലി, നീർമരുത്, ചതുരക്കള്ളി, നീർമാതളം, തിപ്പലി, ഏഴിലംപാല, കാഞ്ഞിരം, വയ്യങ്കത, അരയാൽ, പേരാൽ, അത്തി, ഇത്തി, മുള്ളിലവ്, ലന്തമരം, പനച്ചി, വിളാർമരം, നാഗമരം,വെള്ള കരിഞ്ഞാലി, കരിഞ്ഞാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, പുളിമരം, പാതിരി, അശോകം, കർപ്പൂരം, അകില്, രക്തചന്ദനം, എരിക്ക് എന്നിവ ഗൃഹനിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല.