rabbit

സ്‌മാർട്ട്ഫോണുകൾക്ക് ശേഷം എന്താണ് എന്ന ചോദ്യത്തിന് പലതരത്തിലുളള ആശയങ്ങളാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. എന്നാൽ അത്തരത്തിലുളള ചോദ്യങ്ങൾക്ക് ഉത്തരമായി പുതിയൊരു കണ്ടുപിടുത്തം നടന്നിരിക്കുകയാണ്. എല്ലാവർഷവും ആദ്യം രാജ്യത്ത് സംഘടിപ്പിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ് ) എന്ന ടെക്‌ഷോയിലാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

സ്‌മാർട്ട് ഫോണിന്റെ നിലവിലെ ഫീച്ചറുകളെ പൂർണമായും തിരുത്തിയെഴുതിപ്പിക്കുന്ന തരത്തിലാണ് പുതിയ ഡിവൈസായ റാബിറ്റ് ആർ വൺ ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയിൽ ഓറഞ്ച് നിറത്തിലുളള ഒരു ചെറിയ പെട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും റാബിറ്റിന്റെ പ്രത്യേകതകൾ സ്‌മാർട്ട് ഫോണുകളെ വെല്ലുന്ന തരത്തിലുളളതാണ്. ചെറിയ സ്ക്രീനും മുൻപോട്ടും പിറകോട്ടും എളുപ്പത്തിൽ തിരിച്ച് ക്രമീകരിക്കാൻ സാധിക്കുന്ന ക്യാമറയും മൗസിലേതുപോല സ്ക്രോളും ഇതിനുണ്ടാകും.

പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)സഹായത്തോടെയാണ് റാബിറ്റ് പ്രവർത്തിക്കുന്നത്. സാധാരണ ഒരു ഫോണിൽ ചെയ്യുന്ന എല്ലാതരത്തിലുളള കാര്യങ്ങളും റാബിറ്റിലും ചെയ്യാൻ കഴിയും. എന്തെങ്കിലും ആവശ്യത്തിനായി ഇതിന്റെ സ്ക്രീനിൽ സ്പർശിക്കേണ്ട കാര്യം വരുന്നില്ലെന്നും നിർമാതാക്കൾ ടെക്‌ഷോയിൽ വിശദീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ഫോണിലെ ആപ്പ് സങ്കൽപം പൊളിച്ചെഴുതലാണ് റാബിറ്റിലൂടെ ശാസ്ത്രലോകം ലക്ഷ്യമിടുന്നത്. സാധാരണ ഉപയോക്താക്കൾ ഫോണിലേക്ക് പ്ലേ സ്റ്റോർ വഴിയോ ഗൂഗിൾ വഴിയോ ഇൻസ്റ്റാൾ ചെയ്യുന്നത് റാബിറ്റിൽ ആവശ്യമില്ലെന്നുളള പ്രത്യേകത കൂടിയുണ്ട്. ഏ​റ്റവും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന കംപ്യൂട്ടർ എന്നാണ് റാബിറ്റിനെ നി‌ർമാതാക്കൾ വിശേഷിപ്പിക്കുന്നത്. അമേരിക്കൻ വിപണിയിൽ റാബിറ്റ് 199 ഡോളറിന് (16,500രൂപ) സ്വന്തമാക്കാവുന്നതാണ്. ഇപ്പോൾ തന്നെ റാബിറ്റിന് പ്രീബുക്കിംഗ് കൂടുതലായി നടന്നുവരുന്നുണ്ട്. പക്ഷെ ഇന്ത്യയിൽ റാബിറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല