kani-

അഭിനയം കൊണ്ടും നിലപാടുകളിലെ വ്യത്യസ്തത കൊണ്ടും മറ്റുതാരങ്ങളിൽ നിന്നും എന്നും വേറിട്ടുനിൽക്കുന്നയാളാണ് നടി കനി കുസൃതി. 2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് കനി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ജയശ്രീയുടെയും മകളായ കനി തന്റെ കുടുംബ വിശേഷങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിൽ അച്ഛൻ മൈത്രേയനെ കുറിച്ചും അമ്മ ജയശ്രീയെയും കുറിച്ചുമാണ് കനി പറയുന്നത്. അച്ഛനും അമ്മയും ഒരിക്കൽ പോലും താൻ അവരെ പോലെയാകണമെന്ന് പറഞ്ഞിട്ടില്ലെന്ന് കനി പറയുന്നു. താൻ അച്ഛനെയും അമ്മയെയും പേരെടുത്ത് വിളിക്കുന്നതിനെ കുറിച്ചും കനി അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. കനി കുസൃതിയുടെ വാക്കുകളിലേക്ക്...

'ഒരിക്കൽ പോലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല, മൈത്രേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് അതേ ഫീൽ തന്നെയാണ് ലഭിക്കുന്നത്. ഒരു വാക്കിന്റെ അർത്ഥം എന്താണ്, ആ വാക്കും ആ മനുഷ്യനുമായുള്ള ബന്ധമാണ്. ഞാൻ മൈത്രേയനെ മൈത്രേയാ എന്ന് വിളിക്കുമ്പോൾ എന്താണോ എനിക്കുള്ള ബന്ധം, സ്‌നേഹം അത് തന്നെയാണ് ആ വാക്കിൽ ഞാൻ അനുഭവിക്കുന്നത്. അച്ഛൻ എന്ന ഫീലാണ് എനിക്ക് മൈത്രേയാ എന്ന് വിളിക്കുമ്പോൾ കിട്ടുന്നത്'.

'എന്റെ അമ്മയെ ഞാൻ ചേച്ചിയെന്നാണ് വിളിക്കുന്നത്. മറ്റുള്ളവരെ ചേച്ചിയെന്ന് വിളിക്കുന്നുണ്ട്. ജയശ്രീ ചേച്ചിയെന്ന് വിളിക്കുമ്പോൾ അതിൽ അമ്മ ബന്ധമുണ്ടാകാം സുഹൃത്ത് ബന്ധമുണ്ടാകാം, അങ്ങനെ പല ബന്ധമുണ്ടാകാം. എന്നാൽ ജയശ്രീ ചേച്ചിയും ഞാനുമായുള്ള ബന്ധമാണ് ഞാൻ ആ വാക്കിൽ അനുഭവിക്കുന്നത്. അച്ഛൻ, അമ്മ എന്ന വാക്കിൽ മാത്രമേ ആ ഇമോഷൻ വരൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല'- കനി പറഞ്ഞു.

തന്റെ പ്രണയത്തെ കുറിച്ചും കനി മനസുതുറന്നു. 'ഞാനും ആനന്ദും തമ്മിൽ ഓപ്പൺ റിലേഷൻഷിപ്പായിരുന്നില്ല. ആനന്ദിന് ഒരിക്കലും അത് പറ്റില്ലായിരുന്നു, എന്നാൽ ആനന്ദ് ഓപ്പണായിട്ടിരിക്കാൻ ട്രൈ ചെയ്തു. എന്നാൽ അത് പറ്റാത്തത് കൊണ്ടാണ് ഞങ്ങൾ ഒരു തീരുമാനം എടുത്തത്. അതിന് ശേഷം ഞങ്ങൾ തമ്മിലുള്ള റൊമാന്റിക്കായിട്ടുള്ള ബന്ധം വേണ്ടാന്ന് വയ്ക്കുകയാണ് ചെയ്തത്. ഞാൻ റിലേഷൻഷിപ്പിൽ റൊമാൻസൊന്നും നോക്കുന്ന ആളല്ല. അതൊന്നും വേണ്ട എനിക്ക്. എനിക്ക് വേണ്ടത് നമ്മൾ സംസാരിക്കുമ്പോൾ പരസ്പരം മനസിലാക്കാൻ സാധിക്കണം. അത്രയേ ഉള്ളൂ'- കനി പറഞ്ഞു.

ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്ന കാര്യം കനി തന്നെയാണ് വെളിപ്പെടുത്തിയത്. ഞാൻ അതിൽ സന്തോഷവതിയാണെന്നും ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ടെന്ന് കനി പറഞ്ഞിരുന്നു. എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പുള്ള ആളായിരുന്നു ഞാൻ. ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ കെട്ടാതെ പോലെ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ്. എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കുമെന്നും കനി നേരത്തെ പറഞ്ഞിരുന്നു.